തിരുവനന്തപുരം: നടി ഗായത്രി വർഷയ്‌ക്ക് ഐക്യദാർഢ്യവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മലയാള സീരിയലുകളിൽ സവർണ മേധാവിത്വമാണെന്നും സീരിയലുകളെ നിയന്ത്രിക്കുന്നത് നരേന്ദ്രമോദിയും അമിത്ഷായും കോർപ്പറേറ്റുകളുമാണെന്നുമുള്ള വിഡ്ഢിത്തം പറഞ്ഞതിന് പിന്നാലെ നടി ഗായത്രിയെ ജനങ്ങൾ വിമർശിച്ചിരുന്നു. ജനങ്ങളുടെ ഈ വിമർശനം സൈബർ ആക്രമണമാണെന്നാണ് മന്ത്രി ശിവൻകുട്ടി പറയുന്നത്. താൻ ഗായത്രി വർഷയ്‌ക്കൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘അസഹിഷ്ണുതയാണ് ഫാസിസ്റ്റ് കൂട്ടങ്ങളുടെ മുഖമുദ്ര. രാഷ്‌ട്രീയം പറഞ്ഞതിനാണ് നടി ഗായത്രി വർഷയ്‌ക്ക് എതിരെ സൈബർ ആക്രമണം നടക്കുന്നത്. ഭീഷണിപ്പെടുത്തി നിശബ്ദരാക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അതവരുടെ ബുദ്ധിമോശം എന്നേ പറയാനുള്ളൂ. ഗായത്രി വർഷയ്‌ക്കൊപ്പം’- എന്നാണ് മന്ത്രി വി.ശിവൻകുട്ടി തന്റെ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
നേരത്തെ, മന്ത്രി വീണാ ജോർജ്ജും നടിയെ അനുകൂലിച്ച് രംഗത്തു വന്നിരുന്നു. ‘സിനിമകളിലെയും സീരിയലിലെയും സാംസ്കാരിക പ്രതിനിധാനത്തിന്റെ രാഷ്‌ട്രീയം പറഞ്ഞ നടി ഗായത്രി വർഷയ്‌ക്ക് എതിരായ സൈബർ ആക്രമണം പ്രതിഷേധാർഹമാണ്. നരേന്ദ്ര മോദി സർക്കാരും കോർപ്പറേറ്റുകളും തമ്മിലുള്ള സഖ്യം സാംസ്കാരിക രംഗത്തെ എങ്ങനെ ഭരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് നടത്തിയ പ്രസംഗമാണ് ഈ സൈബർ ആക്രമണത്തിന് കാരണം’-എന്നായിരുന്നു വീണാ ജോർജ്ജ് പറഞ്ഞത്.