യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. ലോകത്തിന്റെ പല സ്ഥലങ്ങളിലേക്കും ഒരു തവണയെങ്കിലും പോകണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാം. യാത്രപ്രേമികളുടെ ആഗ്രഹം സാധ്യമാക്കാനായി ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ് ട്രെയിനുമുണ്ട്. കേരളത്തിൽ നിന്നും കർണാടകയിലെ പ്രധാന ക്ഷേത്രങ്ങൾ സന്ദർശിക്കാനുള്ള അവസരമാണ് ഇത്തവണ യാത്രക്കാർക്ക് ലഭിക്കുക. സൗത്ത് കാനറ ടെംപിൾ ടൂർ (South Kanara Temple tour) എന്നാണ് ഈ ടൂർ പാക്കേജിന്റെ പേര്.
കൊച്ചുവേളിയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. തെങ്കാശി, ഉഡുപ്പി-മൂകാംബിക, മൃഡേശ്വർ, ശൃംഗേരി, ഹൊറനാട് എന്നീ സ്ഥലങ്ങൾ സന്ദർശിക്കാനും കർണാടകയുടെ ഭംഗി ആസ്വദിക്കാനുള്ള അവസരവും റെയിൽവേ ഒരുക്കുന്നു. കൊല്ലം വഴി സെങ്കോട്ടെ, തെങ്കാശി, രാജപാളയം ജംഗ്ഷൻ, പോടനൂർ, പാലക്കാട്, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്, മംഗലാപുരം, ഉഡുപ്പി വഴി മൂകാംബിക, മൃഡേശ്വർ, ശൃംഗേരി, ഹൊറനാട് എന്നിവിടങ്ങൾ സന്ദർശിച്ച് വരുംവിധത്തിലാണ് ടൂർ പാക്കേജ്. അഞ്ച് രാത്രിയും ആറ് പകലും നീണ്ട് നിൽക്കുന്ന യാത്ര ഡിസംബർ ഏഴിനാണ് ആരംഭിക്കുക.
എക്കണോമി, കംഫോർട്ട് എന്നിങ്ങനെ രണ്ട് കാറ്റഗറികളാണുള്ളത്. എക്കണോമിയിൽ 560 സീറ്റ് ഉണ്ട്. മുതിർന്നവർക്ക് 11,750 രൂപയും 5-11 പ്രായത്തിലുള്ള കുട്ടിക്ക് 11,050 രൂപയുമാണ് നിരക്ക്. കംഫോർട്ട് ക്ലാസിൽ 208 സീറ്റുകളാണുള്ളത്. മുതിർന്നവർക്ക് 19,950 രൂപയും കുട്ടിക്ക് 19,150 രൂപയുമാണ് നിരക്ക്.
ടിക്കറ്റ് നിരക്കിൽ എക്കമോണമി ക്ലാസിൽ സ്ലീപ്പറും കംഫോർട്ട് ക്ലാസിൽ തേഡ് എസിയുമാണ് ലഭിക്കുക. ദിവസം മൂന്ന് നേരം വെജിറ്റേറിയൻ ഭക്ഷണം, ട്രാവൽ ഇൻഷുറൻസ്, ടൂർ എസ്കോർട്ട് സൗകര്യം തുടങ്ങിയവ പാക്കേജിൽ ഉൾപ്പെട്ടിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഐആർസിടിസിയുടെ വെബ്സൈറ്റായ https://www.irctc.com/ സന്ദർശിക്കുക.















