തിയേറ്ററുകളിൽ ആവേശത്തിന്റെ പൂരം സൃഷ്ടിച്ച കാർത്തിക് സുബ്ബരാജ് ചിത്രമാണ് ജിഗർതണ്ട ഡബിൾ എക്‌സ്. ദീപാവലി റിലീസായാണ് സിനിമ പ്രദർശനത്തിനെത്തിയത്. രാഘവ ലോറൻസിനൊപ്പം എസ്‌ജെ സൂര്യയും തകർത്ത് അഭിനയിച്ച ചിത്രം തിയേറ്ററുകളിൽ വൻ വിജയമായിരുന്നു. ചിത്രത്തെ പ്രശംസിച്ച് നിരവധി താരങ്ങളും രംഗത്തെത്തിയിരുന്നു.
ജിഗർതണ്ട ഡബിൾ എക്‌സ് ഇപ്പോൾ ഒടിടി റിലീസിനൊരുങ്ങുകയാണ്. 2023 ഡിസംബർ 8-ന് നെറ്റ്ഫിളിക്‌സിലാണ് ചിത്രം റിലീസാവുന്നത്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം ഒടിടിയിൽ എത്തുക. ഫൈവ് സ്റ്റാർ ക്രിയേഷൻസിന്റെയും സ്റ്റോൺ ബെഞ്ച് ഫിലിംസിന്റെയും ബാനറിൽ കാർത്തികേയൻ സന്താനവും കതിരേശനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തിരുനവുക്കരാസു ഛായാഗ്രഹണം നിർവ്വഹിക്കുന്ന സിനിമയുടെ ചിത്രസംയോജനം ചെയ്തിരിക്കുന്നത് ഷഫീക്ക് മൊഹമ്മദലിയാണ്. വിവേകിന്റെ വരികൾക്ക് സന്തോഷ് നാരായണനാണ് സംഗീതം പകർന്നിരിക്കുന്നത്.