മമിത ബൈജു, നസ്‌ലിൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പ്രേമലു’ വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി ഒരുക്കുന്ന ചിത്രമാണ് പ്രേമലു.
2024 ഫെബ്രുവരിയിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഹൈദരാബാദ് പശ്ചാത്തലത്തിൽ എത്തുന്ന റൊമാന്റിക് കോമഡി എന്റർടൈയ്‌നറാണ് ചിത്രം. അൽത്താഫ് സലീം, മീനാക്ഷി രവീന്ദ്രൻ, അഖില ഭാർഗവൻ, ശ്യാം മോഹൻ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷത്തിൽ എത്തും. വിഷ്ണു വിജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.















