ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ സി യും ആന്റിഓക്‌സിഡൻസും അടങ്ങിയിട്ടുള്ള നെല്ലിക്ക പല ആരോഗ്യ പ്രശ്‌നങ്ങൾക്കും നല്ലതാണ്. ഹൃദ്രോഗം, രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്ക് ഏറ്റവും നല്ല പ്രകൃതിദത്തമായ മരുന്നാണ് നെല്ലിക്ക. പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും രക്തം ശുദ്ധീകരിക്കാനും നെല്ലിക്ക ഉത്തമമാണ്. എന്നാൽ ഗുണങ്ങൾ മാത്രമല്ല നെല്ലിക്കയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിന്റെ അമിതോപയോഗം പല ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാവും.
കടുത്ത അസിഡിറ്റി പ്രശ്‌നങ്ങൾ ഉള്ളവർ നെല്ലിക്ക വെറും വയറ്റിൽ കഴിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക. ഇത് നെഞ്ചെരിച്ചിലിന്റെ തീവ്രത വർദ്ധിപ്പിക്കും. കൂടാതെ നെല്ലിക്കയിൽ ഫൈബറിന്റെ അളവ് കൂടുതലായതിനാൽ ദിവസം അമിതമായി നെല്ലിക്ക കഴിക്കുന്നത് മലബന്ധത്തിന് കാരണമാവും. കരൾ സംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളവരും നെല്ലിക്ക ഒഴിവാക്കുന്നത് നല്ലതാണ്. അതോടൊപ്പം ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്ക് നെല്ലിക്ക ഗുണകരമായി പ്രവർത്തിക്കുമ്പോൾ താഴ്ന്ന രക്തസമ്മർദ്ദമുള്ളവർക്ക് ദോഷകരമാണ്.
നെല്ലിക്കയിൽ അടങ്ങിയിട്ടുള്ള ആന്റി പ്ലേറ്റ്‌ലൈറ്റ് ഗുണങ്ങൾ രക്തം കട്ട പിടിക്കുന്നത് തടയാൻ സഹായിക്കും. എന്നാൽ രക്ത സംബന്ധവുമായ രോഗങ്ങൾ ഉള്ളവർക്ക് ഇത് ദോഷകരമായി ബാധിക്കും. രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നതിന് നെല്ലിക്കയുടെ അമിതോപയോഗം കാരണമാവും. ഇത് ശ്വാസോച്ഛ്വാസം രക്തയോട്ടം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് കാരണമാവും. ഇത് മൾട്ടിഒർഗൻ ഡിഫ്യൂഷന് വഴിവെക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാൻ നെല്ലിക്ക സഹായിക്കും. എന്നാൽ പ്രമേഹത്തിന് കഴിക്കുന്ന മരുന്നുകളുടെ കൂടെ ഇത് കഴിച്ചാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുന്നതിന് കാരണമാവും. അത് വഴി മറ്റ് പല രോഗങ്ങൾക്കും സാധ്യത വർദ്ധിക്കും. ഗർഭിണികളും നെല്ലിക്കയുടെ ഉപയോഗം ഒഴിവാക്കുന്നത് നല്ലതാണ്. നിർജ്ജലീകരണത്തിനും അസിഡിറ്റി വർദ്ധിക്കാനും ഇത് കാരണമായേക്കാം.