റായ്പൂർ: ഇന്ത്യ- ഓസ്ട്രേലിയ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. പരമ്പരയിലെ നാലാം മത്സരം വിജയിച്ചതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. തുടർച്ചയായി രണ്ട് മത്സരം വിജയിച്ച ഇന്ത്യ കഴിഞ്ഞ കളിയിൽ പരാജയം രുചിച്ചു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ഇന്നത്തെ മത്സരത്തിലെ വിജയത്തോടെ 3- 1 എന്ന നിലയിൽ പരമ്പരയിൽ ഇന്ത്യ അധിപത്യം ഉറപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 174 റൺസാണ് എടുത്തത്. എന്നാൽ ചേയ്‌സ് ചെയ്ത് ഓസീസിന് 154 റൺസ് എടുക്കാനെ സാധിച്ചൊള്ളു. സ്പിന്നർമാരായ അക്സർ പട്ടേലും രവി ബിഷ്ണോയിയും ചേർന്നാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
പവർ പ്ലേയുടെ അവസാന പന്തിൽ ഓപ്പണർ യശസ്വി ജയ്സ്വാൾ 37 പുറത്തായെങ്കിലും ഇരുവരും ചേർന്ന് 50 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. പിന്നാലെ ക്രീസിലൊന്നിച്ച ഋതുരാജ് ഗെയ്ക്വാദ് ശ്രേയസ് അയ്യർ സഖ്യം മികച്ച പ്രകടനം കാഴ്ച വയ്ച്ചു. ഇതോടെ ഓസീസ് ബൗളർ നിര വിറച്ചു. രണ്ടാം വിക്കറ്റിൽ ക്രീസിലൊന്നിച്ച നായകൻ സൂര്യ കുമാർ യാദവിനും (1) ഭേദപ്പെട്ട പ്രകടനം കാഴ്ച വയ്‌ക്കാനാവാതെ മടങ്ങേണ്ടിവന്നു. ശ്രയസ് അയ്യർ 8, ഋതുരാജ് ഗെയ്ക് വാദിനെയും (32) എന്നിവർ കൂടാരം കയറിയതോടെ ഇന്ത്യൻ നിര പരുങ്ങലിലായി. എന്നാൽ പിന്നാലെ എത്തിയ റിങ്കു സിംഗ്-ജിതേഷ് ശർമ്മ സഖ്യം ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചു. പക്ഷേ ജിതേഷ് ശർമ്മയെ(35) ദ്വാർഷുയിസ് പുറത്താക്കി കൂട്ട് കെട്ട് പൊളിച്ചു. 46 റൺസുമായി ക്രിസിലുണ്ടായിരുന്ന റിങ്കു സിംഗിനെയും തൊട്ടടുത്ത ഓവറിൽ ഇന്ത്യക്ക് നഷ്ടമായി. അക്സർ പട്ടേൽ, രവി ബിഷ്ണോയി, ദീപക് ചാഹർ എന്നിവർ പ്രകടനം പുറത്തെടുക്കാനാവാതെ കൂടാരം കയറി. അവസാന ഏഴ് റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് അഞ്ച് വിക്കറ്റുകളാണ് നഷ്ടമായത്. ആവേശ് ഖാൻ (1) പുറത്താകാതെ നിന്നു. ഓസ്ട്രേലിയക്കായി ബെൻ ദ്വാർഷുയിസ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. തൻവീർ സംഗ, ജേസൺ ബെഹ്രെംദൊർഫ് എന്നിവർ രണ്ട് വിക്കറ്റും ആരോൺ ഹാർഡി ഒരു വിക്കറ്റും വീഴ്‌ത്തി.
രണ്ടാം ഇന്നിംഗിസിൽ ഓസ്ട്രേലിയയെ 154 റൺസിനാണ് ഇന്ത്യൻ ബൗളർമാർ കുരുക്കിയത്. ഓപ്പണർമാരായ ഹെഡും ജോഷ് ഫിലിപ്പും മികച്ച തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും 40 റൺസ് കൂട്ടിച്ചേർത്തു. നാലാം ഓവറിൽ ജോഷ് ഫിലിപ്പിനെ പുറത്താക്കി രവി ബിഷ്‌ണോയ് കൂട്ടുകെട്ട് പൊളിച്ചു. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണതോടെ ഓസീസ് പ്രതിരോധത്തിലായി. അക്‌സർ പട്ടേൽ മൂന്ന്, ദീപക് ചാഹർ രണ്ട്, രവി ബിഷ്‌ണോയി ആവേശ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി. 36 റൺസ് നേടിയ ക്യാപ്റ്റൻ മാത്യു വെയ്ഡാണ് ഓസീസിന്റെ ടോപ് സ്‌കോറർ.















