കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടികൊണ്ടു പോയ സംഭവത്തിൽ കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പത്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ തെങ്കാശിയിൽ നിന്നാണ് ഇവർ പിടിയിലായത്.
വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു പത്മകുമാറും കുടുംബവും. ഇവർ ഓൺലൈൻ ആപ്പിൽ നിന്നടക്കം പണമെടുത്തതായാണ് വിവരം. കടബാധ്യതകൾ തീർക്കാൻ വേണ്ടി പണം കിട്ടാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് ലഭിക്കുന്ന വിവരം. പ്രതികളെ എ ആർ ക്യാമ്പിൽ നിന്നും പൂയപ്പള്ളി സ്റ്റേഷനിലേക്ക് മാറ്റും.
പത്മകുമാർ കുട്ടിയെ തട്ടിക്കൊണ്ടു പോകുന്ന സമയത്ത് ഒരു കുറിപ്പ് കരുതിയിരുന്നു. പണം നൽകിയാൽ കുട്ടിയെ വിട്ട് തരാം എന്നായിരുന്നു കത്തിലെ ഉള്ളടക്കം. എന്നാൽ സംഭവ സമയത്ത് ഈ കത്ത് സഹോദരന് കൊടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കുട്ടിയുടെ സഹോദരന്റെ കയ്യിൽ നിന്ന് കത്ത് കാറിനുള്ളിൽ തന്നെ വീഴുകയായിരുന്നു. ഇതോടെയാണ് ഇയാളുടെ പദ്ധതികളിൽ വീഴ്ച പറ്റിത്തുടങ്ങിയത്.
കുട്ടിയെ താമസിപ്പിച്ചിരുന്ന സ്ഥലത്തെത്തി ടിവി വച്ചപ്പോഴാണ് സംഭവം നാട് മുഴുവൻ അറിഞ്ഞെന്ന് പ്രതികൾ മനസ്സിലാക്കിയത്. ഇതോടെയാണ് കുട്ടിയെ ഉപേക്ഷിക്കാമെന്ന് തീരുമാനിച്ചത്.















