തിരുവനന്തപുരം: കരുവന്നൂർ ബാങ്കിലെ കള്ളപ്പണക്കേസിൽ തൃശൂർ സിപിഎം ജില്ലാ സെക്രട്ടറി എംഎം വർഗീസിനെ ഇഡി വീണ്ടും ചോദ്യം ചെയ്യും.
ചൊവ്വാഴ്ച ഹാജരാകാനാണ് ഇഡി അറിയിച്ചിരിക്കുന്നത്. സിപിഎമ്മിന് കരുവന്നൂരിൽ രണ്ട് അക്കൗണ്ടുകൾ ഉണ്ടെന്ന് ഇഡി അന്വേഷണത്തിൽ കണ്ടെത്തി. ലോക്കൽ കമ്മിറ്റിയുടെ പേരിലാണ് അക്കൗണ്ടുകൾ എടുത്തിരിക്കുന്നതെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.
പാർട്ടി അക്കൗണ്ടുകളിലേക്ക് ബിനാമി ലോണുകളുടെ കമ്മീഷൻ തുക എത്തിയെന്നും തട്ടിപ്പ് പുറത്തായതിന് പിന്നാലെ ഈ അക്കൗണ്ടുകളിൽ നിന്ന് തുക പിൻവലിച്ചതായും ഇഡി അറിയിച്ചു. അക്കൗണ്ടിലെ പണമിടപാട് വിവരങ്ങള്‍ കൈമാറാൻ സിപിഎം തയ്യാറായില്ല. അക്കൗണ്ടിലെ പണത്തിന്റെ വിവരം കൈമാറാതെ വര്‍ഗീസ് ഒഴിഞ്ഞുമാറിയിരുന്നു. അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംസ്ഥാന സെക്രട്ടറിയോട് ചോദിക്കണമെന്നാണ് വർഗീസ് മൊഴി നൽകിയത്.















