കൊച്ചി: സർക്കാരിന്റെ ധൂർത്തിൽ വലഞ്ഞ് ജനം. സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസൻസ്-ആർസി അച്ചടി നിലച്ചിരിക്കുകയാണ്. കരാർ എടുത്ത ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസിന് (ഐടിഐ) സർക്കാർ പ്രതിഫലം നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം. കാർഡിന് ചെലവാകുന്നതിനെക്കാൾ മൂന്നിരട്ടിയിലധികം തുക മോട്ടോർ വാഹന വകുപ്പ് അപേക്ഷകരിൽ നിന്ന് ഈടാക്കുന്നുണ്ട്. എന്നിട്ടും കാർഡ് വിതരണം നടക്കുന്നില്ലെന്നതാണ് വാസ്തവം.
കാർഡ് തയ്യറാക്കിയ വകയിൽ അഞ്ച് കോടിയോളം രൂപയാണ് ഐടിഐയ്‌ക്ക് സർക്കാർ നൽകാനുള്ളത്. സ്മാർഡ് കാർഡിനായി അപേക്ഷകരിൽ നിന്ന് പണം ഈടാക്കുന്നുണ്ടെങ്കിലും അച്ചടി കൂലി നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. ഇതോടെ അച്ചടി നിലച്ചു. ട്രഷറി നിയന്ത്രണവും പ്രതിസന്ധി ഗുരുതരമാക്കുന്നു.
സംസ്ഥാനത്തെ 86 ഓഫീസുകളിലും സ്വീകരിക്കുന്ന അപേക്ഷകളിൽ ആർസിയും ലൈസൻസും കൊച്ചി തേവരയിലെ ഓഫീസിൽ നിന്നാണ് തയ്യാറാക്കുന്നത്. കാർഡ് കിട്ടാത്തതിനാൽ ലൈസൻസ് അച്ചടി 16 മുതലും ആർസി 23 മുതലും നിലച്ചു. പ്രതിദിനം 21,000 കാർഡുകളാണ് ഇവിടെ അച്ചടിച്ചിരുന്നത്. ഇതുവരെ ഒന്നര ലക്ഷം ലൈസൻസുകളും 90,000 ആർസികളുമാണ് കുടിശ്ശികയായി കിടക്കുന്നത്. തപാൽ കൂലി നൽകാത്തതിനാൽ അടുത്തിടെ ആർസി, ലൈസൻസ് വിതരണം തപാൽ വകുപ്പും നിർത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് ധനവകുപ്പ് തുക അനുവദിച്ചത്. ഇതിന് പിന്നാലെയാണ് അച്ചടി നിർത്തിയിരിക്കുന്നത്.