മോസ്കോ: റഷ്യൻ സ്ത്രീകൾക്ക് കുറഞ്ഞത് എട്ട് കുട്ടികളേയെങ്കിലും പ്രസവിക്കണമെന്ന്
പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. മോസ്കോയിൽ നടന്ന വേൾഡ് റഷ്യൻ പീപ്പിൾസ് കൗൺസിലിനെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് പുടിന്റെ പരാമർശം.
രാജ്യത്തെ സ്ത്രീകൾക്ക് എട്ട് കുട്ടികളെങ്കിലും ഉണ്ടായിരിക്കണമെന്നും വലിയ കുടുംബങ്ങളെ “മാനദണ്ഡം” ആക്കണമെന്നും പുടിൻ പറഞ്ഞു. 1990-കൾ മുതൽ റഷ്യയുടെ ജനനനിരക്ക് കുറയുകയാണ്, കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷം രാജ്യത്ത് 300,000-ലധികം മരണങ്ങൾ ഉണ്ടായി. റഷ്യയിലെ ജനസംഖ്യ വർദ്ധിപ്പിക്കുക എന്നത് വരും ദശകങ്ങളിൽ തങ്ങളുടെ ലക്ഷ്യമായിരിക്കുമെന്ന് പുടിൻ ആഹ്വാനം ചെയ്തു.
“നമ്മുടെ പല വംശീയ വിഭാഗങ്ങളും നാലോ അഞ്ചോ അതിലധികമോ കുട്ടികളുള്ള ശക്തമായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നു. നമ്മുടെ പല മുത്തശ്ശിമാർക്കും മുത്തശ്ശൻമാർക്കും ഏഴോ എട്ടോ അതിലധികമോ കുട്ടികളുണ്ടായിരുന്നുവെന്ന് നമുക്ക് ഓർക്കാം. നമുക്ക് ഈ മഹത്തായ പാരമ്പര്യങ്ങൾ സംരക്ഷിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യാം. വലിയ കുടുംബങ്ങൾ റഷ്യയിലെ എല്ലാ ജനങ്ങളുടെയും ജീവിതരീതിയായി മാറണം. കുടുംബം ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും അടിസ്ഥാനം മാത്രമല്ല, അത് ഒരു ആത്മീയ പ്രതിഭാസമാണ്, ധാർമ്മികതയുടെ ഉറവിടമാണ്, പുടിൻ കൂട്ടിച്ചേർത്തു.
റഷ്യയിലെ ഓർത്തഡോക്സ് സഭയുടെ തലവൻ പാത്രിയാർക്കീസ് കിറിൽ ആണ് സമ്മേളനം സംഘടിപ്പിച്ചത്. റഷ്യൻ പ്രസിഡന്റിന്റെ പ്രസംഗത്തിൽ യുക്രെയ്ൻ യുദ്ധത്തിൽ റഷ്യൻ സൈനികർ ജീവഹാനി നേരിട്ട് പരാമർശിക്കുന്നില്ലെങ്കിലും, ഇതും കൂടി കണക്കിലെടുത്താണ് ആഹ്വാനം എന്നാണ് വിലയിരുത്തുന്നത്.
യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം മൂലം കടുത്ത തൊഴിലാളി ക്ഷാമത്തിനും സാമ്പത്തിക മാന്ദ്യത്തിനും റഷ്യ സാക്ഷ്യം വഹിക്കുന്നു. 2023 ജനുവരി 1 ന് റഷ്യയിലെ ജനസംഖ്യ 14.6 കോടി ആയിരുന്നു, 1999 ൽ പുടിൻ പ്രസിഡന്റ് സ്ഥാനമേറ്റപ്പോൾ ഉണ്ടായിരുന്നതിനേക്കാൾ കുറവായിരുന്നുവെന്ന് റഷ്യൻ മാദ്ധ്യമമായ ഇൻഡിപെൻഡഡ് റിപ്പോർട്ട് ചെയ്തു.