തിയേറ്ററുകളിൽ നിരവധി പ്രശംസകളും കയ്യടികളും ഏറ്റുവാങ്ങുകയാണ് വിക്കി കൗശൽ ചിത്രം സാം ബഹാദൂർ. ഇത്തരത്തിലുള്ള ഒരു കഥാപാത്രം അവിസ്മരണീയമാക്കി തീർത്തതിൽ വിക്കി കൗശൽ എന്ന നടൻ വിജയിച്ചു എന്ന് തന്നെ പറയാം. അതിഗംഭീര പ്രകടനത്തിനും അതിനൊത്തിണങ്ങിയ മേക്കോവറിനും നിരവധി താരങ്ങളാണ് വിക്കിയെ പ്രശംസിച്ച് കൊണ്ട് എത്തിയിരിക്കുന്നത്. ഇന്ത്യൻ കരസേനയുടെ ആദ്യത്തെ ഫീൽഡ് മാർഷലായ സാം മനേക് ഷായായാണ് വിക്കി കൗശൽ ചിത്രത്തിൽ എത്തുന്നത്.
അഭിഷേക് ബച്ചൻ, സാറ അലിഖാൻ, കരൺജോഹർ, കത്രീന കൈഫ് തുടങ്ങിയ ബോളിവുഡ് താരങ്ങൾ താരത്തിന്റെ പ്രകടനത്തെ അഭിനന്ദിച്ച് എത്തിയിരുന്നു. അർജുൻ കപൂർ ചിത്രത്തെയും താരത്തെയും പ്രശംസിച്ച് കൊണ്ടുള്ള ഒരു പോസ്റ്റ് സമൂഹമാദ്ധ്യമമായ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.
‘ എന്തൊരു ധീരമായ സിനിമ, ഇങ്ങെനെയൊരു കഥാപാത്രത്തെ സ്വീകരിക്കാൻ ധൈര്യം വേണം. കൂടാതെ ആ കഥാപാത്രത്തിലേക്ക് പൂർണ്ണമായി എത്താനും കഴിയണം. സാം മനേഷയെ കൃത്യമായി വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നതിൽ നിങ്ങൾ വിജയിച്ചു’- അർജുൻ കപൂർ കുറിച്ചു.
കൂടാതെ ചിത്രത്തിൽ ഇന്ദിരാഗാന്ധിയായി എത്തിയ ഫാത്തിമ സന ഷെയ്‌ക്ക്, സാം മനേഷയുടെ ഭാര്യയായി അഭിനയിച്ച സന്യ മൽഹോത്ര എന്നിവരുടെ പ്രകടനത്തെയും ചിത്രത്തിന്റെ മുഴുവൻ ടീമിനെയും അദ്ദേഹം അഭിനന്ദിച്ചു.

1971 ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച തന്ത്രശാലിയായ സൈനികനാണ് സാം മനേക്ഷ്. 1973 ൽ അദ്ദേഹത്തിന് ഫീൽഡ് മാർഷൽ പദവി ലഭിച്ചു. മേഘ്‌ന ഗുൽസാർ സംവിധാനം ചെയുന്ന ചിത്രത്തിലൂടെ അദ്ദേഹത്തിന്റെ കഥയാണ് അവതരിപ്പിക്കുന്നത്. ജയ് ഐ പട്ടേലാണ് സാം ബഹദൂറിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സംഗീത സംവിധാനം ശങ്കർ മഹാദേവൻ, ലോയ്, ഇഷാൻ എന്നിവരാണ്. ജസ്‌കരൻ സിംഗ് ഗാന്ധി, നീരജ് കബി, റിച്ചാർഡ്, എഡ്വാർഡ് രോഹൻ വർമ, ജെഫ്രീ, വികാസ് ഹൃത്വിക് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.















