രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോർമോൺ ആണ് ഇൻസുലിൻ. പാൻക്രിയാസ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ ശരീരത്തിനാവശ്യമായ രീതിയിൽ ഉത്പാദിപ്പിക്കാതിരിക്കുകയോ അല്ലെങ്കിൽ ഇത് ശരീരത്തിന് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരികയോ ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വർദ്ധിക്കുമ്പോഴാണ് ഇൻസുലിൻ ഉത്പാദനം മന്ദഗതിയിലാകുന്നത്. പ്രമേഹം എന്ന രോഗം ഇന്ന് സർവ സാധാരണമാണ്.
പാരമ്പര്യ രോഗമാണെങ്കിലും പ്രമേഹം ഇന്ന് ജീവിത ശൈലി രോഗമായി മാറിയിരിക്കുകയാണ്. ഭക്ഷണരീതിയിലെ മാറ്റങ്ങൾ, വ്യായാമ കുറവ് തുടങ്ങിയവയാണ് പ്രമേഹം ജീവിത ശൈലി രോഗമാകാനുള്ള കാരണം. ഏറെ വെല്ലുവിളികളാണ് പ്രമേഹം സൃഷ്ടിക്കുന്നത്. നാല് തരത്തിലുള്ള പ്രമേഹമാണ് പ്രധാനമായുമുള്ളത്. സാധാരണയായി ടൈപ്പ് 1, ടൈപ്പ് 2 എന്നീ പ്രമേഹങ്ങളാണ് കൂടുതലായും കണ്ടുവരുന്നത്.
പല അവയവങ്ങളെയും പ്രമേഹം ബാധിക്കുന്നുണ്ട്. എന്നാൽ പലരും ഇത് കാര്യമാക്കാറില്ലെന്നതാണ് വാസ്തവം. പ്രധാനമായും പല്ലുകളെയും പ്രമേഹം ബാധിക്കുന്നു. മോണരോഗമുള്ള ആളുകൾക്ക് പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. പ്രമേഹം ഉള്ളവർക്ക് ദന്ത പ്രശ്നങ്ങൾക്കുള്ള സാധ്യതയും അധികമാണ്. പ്രാരംഭഘട്ടത്തിൽ ദന്താരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താവുന്നതാണ്. കൃത്യമായ വൈദ്യ പരിശോധനയാണ് ആവശ്യം.
പ്രമേഹ രോഗികളിൽ താഴെ പറയുന്ന ലക്ഷണങ്ങൾ പ്രകടമാകുകയാണെങ്കിൽ ശ്രദ്ധിക്കുക
മോണയിൽ നിന്നുള്ള രക്തസ്രാവം, മോണ പഴുപ്പ്, മോണ വീക്കം, പല്ലുകൾക്ക് ഇളക്കം, പല്ലുകൾക്കിടയിൽ വിടവ് ഉണ്ടാവുക, മോണ പല്ലുകളിൽ നിന്നും ഇറങ്ങി പല്ലുകളുടെ വേര് പുറത്തേക്ക് കാണപ്പെടുക, പല്ലുകളിലെ പുളിപ്പ്, പല്ലുകളിൽ പൊത്ത്, തീവ്രമായ പല്ലുവേദന തുടങ്ങിയ ലക്ഷണങ്ങൾ പ്രമേഹ രോഗികളിൽ പ്രകടമായാൽ വൈദ്യസഹായം തേടേണ്ടതാണ്.
ദിവസവും രണ്ട് നേരം പല്ല് തേക്കുന്നത് മോണരോഗങ്ങളിൽ നിന്ന് രക്ഷതേടാനും ദന്താരോഗ്യം മെച്ചപ്പെടുത്താനും നല്ലതാണ്. ഫ്ലൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നതും വർഷത്തിൽ രണ്ട് തവണ അൾട്ര സോണിക് സ്കേലിംഗ് നടത്തുന്നതും നല്ലതാണ്. പല്ല് തേക്കുന്നതിന് മുൻപ് വിരലുകൾ ഉപയോഗിച്ച് മോണ മസാജ് ചെയ്യുന്നതും നല്ലതാണ്.