ഭുവനേശ്വർ : യുവസംഗമത്തിന്റെ ഭാഗമായി ഭുവനേശ്വറിൽ എത്തിയ മലയാളി വിദ്യാർത്ഥികളുമായി സംവദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. യുവസംഗമം മൂന്നാം ഘട്ട പരിപാടിയുടെ ഭാഗമായാണ് കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ ഒഡീഷയിൽ എത്തിയത്. ഐഐഎം സംബാൽപൂർ ആതിഥേയത്വം വഹിക്കുന്ന ‘ ഏക് ഭാരത് ശ്രേഷ്ഠ ഭാരത് ‘ പരിപാടിയിൽ 42 മലയാളികൾ പങ്കെടുക്കുന്നുണ്ട്. കേന്ദ്ര വിദേശകാര്യ, പാർലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരനും പരിപാടിയിൽ സംബന്ധിച്ചു.
‘യുവസംഗമം’ പോലുള്ള പരിപാടി നടപ്പിലാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വിദ്യാഭ്യാസ മന്ത്രാലയത്തിനും വിദ്യാർത്ഥികൾ നന്ദി അറിയിച്ചു.
കേരളത്തിൽ നിന്നുള്ള യുവജനങ്ങൾ നവംബര് 25നാണ് സംഗമത്തിൽ പങ്കെടുക്കാൻ ഒഡീഷയിലേക്ക് പോയത്. നോഡൽ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് യാത്രയ്‌ക്ക് സൗകര്യമൊരുക്കിയത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷനും ചേർന്നാണ് ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’-ന് കീഴിൽ യുവസംഗമം സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും തമ്മിൽ സാംസ്കാരിക ബന്ധം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഈ പരിപാടിയുടെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധി സംഘം ഒഡീഷയുടെ സംസ്കാരത്തെയും പാരമ്പര്യത്തെയും അടുത്തറിയും. ആദ്യ രണ്ട് സംഗമത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 2,000 അധികം പേരാണ് പങ്കെടുത്തത്.
പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ഒഡീഷയെക്കുറിച്ചും അവിടത്തെ സംസ്കാരത്തെക്കുറിച്ചും കലയെക്കുറിച്ചും കൂടുതലറിയാൻ സാധിക്കും. ഒഡീഷയിലെ ആളുകൾ, പാചകരീതികൾ, ജീവിതശൈലി, കരകൗശല വസ്തുക്കൾ തുടങ്ങിയവയെക്കുറിച്ച് കൂടുതലറിയാൻ പ്രതിനിധികൾക്ക് അവസരം ലഭിക്കും.















