സുബ്ബലക്ഷ്മിയമ്മ മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് മകൾ താര കല്യാൺ പങ്കുവച്ച വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. അവശതയിൽ ആശുപത്രിയിൽ കഴിയുന്ന സുബ്ബലക്ഷ്മിയമ്മയെ കാണാൻ നടൻ ദിലീപ് ആശുപത്രിയിൽ എത്തിയതാണ് വീഡിയോ. ഒരേയൊരു ദിലീപ് എന്ന തലക്കെട്ടോടെയാണ് താര കല്യാൺ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

അസുഖത്തെക്കുറിച്ച് താരകല്യാണിനോട് തിരക്കുന്നതും സുബ്ബലക്ഷ്മിയമ്മയുടെ കൈകളിൽ തടവി ആശ്വസിപ്പിക്കുന്ന ദിലീപിനെയും ദൃശ്യങ്ങളിൽ കാണാവുന്നതാണ്. മുമ്പും ദിലീപ് സുബ്ബലക്ഷ്മിയമ്മയ്‌ക്കൊപ്പമുള്ള അനുഭവങ്ങളെക്കുറിച്ച് അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്. സുബ്ബലക്ഷ്മിയമ്മയും ദിലീപും കല്യാണരാമൻ, പാണ്ടിപ്പട തുടങ്ങിയ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പ്രിയപ്പെട്ട മുത്തശ്ശിക്ക് ആദരാഞ്ജലികൾ എന്നാണ് സുബ്ബലക്ഷ്മിയമ്മയുടെ വേർപാട് അറിഞ്ഞപ്പോൾ ദിലീപ് സമൂഹമാദ്ധ്യമങ്ങളിൽക്കുറിച്ചത്.
വീഡിയോയിൽ സഹപ്രവർത്തകരോടുള്ള ദിലീപിന്റെ സ്നേഹത്തെക്കുറിച്ചാണ് ആരാധകർ ഒന്നടങ്കം പുകഴ്‌ത്തുന്നത്. തിരക്കിട്ട ജീവിതത്തിനിടയിലും സുബ്ബലക്ഷ്മിയമ്മയെ കാണാനെത്തിയ ദിലീപിനെ അഭിനന്ദിച്ചുള്ളതാണ് കമന്റുകളിൽ ഏറെയും.















