മുംബൈ: നാവികസേനാ ദിനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഡിസംബർ 4 തിങ്കളാഴ്ച മഹാരാഷ്‌ട്ര സന്ദർശിക്കും. സംസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി ശിവാജി മഹാരാജിന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. തുടർന്ന് സിന്ധുദുർഗിൽ ‘നാവിക ദിനം 2023’ ന്റെ ആഘോഷങ്ങളിലും പങ്കെടുക്കും.
വൈകുന്നേരം 4.15 ന് മഹാരാഷ്‌ട്രയിലെത്തുന്ന പ്രധാനമന്ത്രി ആദ്യം രാജ്‌കോട്ട് കോട്ടയിലെത്തി ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. ശേഷം സിന്ധുദുർഗിലെ തർക്കർലി ബീച്ചിൽ നാവികസേനാ ദിനാഘോഷങ്ങളിൽ പങ്കെടുക്കും. ചടങ്ങിൽ നാവികസേനയുടെ കപ്പലുകൾ, അന്തർവാഹിനികൾ, വിമാനങ്ങൾ, സ്‌പെഷ്യൽ ഫോഴ്‌സ് എന്നിവ നടത്തുന്ന പ്രകടനങ്ങൾക്കും പ്രധാനമന്ത്രി സാക്ഷിയാകും.
എല്ലാ വർഷവും ഡിസംബർ 4 നാണ് നാവികസേന ദിനം ആഘോഷിക്കുന്നത്. നാവികസേനാ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾ, അന്തർവാഹിനികൾ, വിമാനങ്ങൾ, പ്രത്യേക സേനകൾ എന്നിവയുടെ നേതൃത്വത്തിൽ ‘ഓപ്പറേഷണൽ ഡെമോൺസ്‌ട്രേഷൻ’ സംഘടിപ്പിക്കാറുണ്ട്..















