മലപ്പുറം: നവകേരള സദസിൽ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ എത്തിയ യൂട്യൂബറെ മർദ്ദിച്ച സംഭവത്തിൽ 20 സിപിഎം പ്രവർത്തകർക്കെതിരെ കേസ്. അരീക്കോട് സ്വദേശി നിസാർ ബാബുവാണ് മർദ്ദനത്തിന് ഇരയായത്. സിപിഎം പ്രവർത്തകർ മർദ്ദിച്ചതിനെ തുടർന്ന് പോലീസിൽ പരാതി നൽകാനെത്തിയപ്പോൾ അരീക്കോട് പോലീസ് സ്‌റ്റേഷൻ വളപ്പിലിട്ടും സിപിഎം പ്രവർത്തകർ നിസാറിനെ മർദ്ദിച്ചിരുന്നു.
കെട്ടിട പെർമിറ്റ് ഫീസ് വർദ്ധിപ്പിച്ചതിനെതിരെ പരാതി നൽകാനാണ് നവകേരള സദസിൽ നിസാർ എത്തിയത്. ഇതേ കുറിച്ചുള്ള വീഡിയോയും യുവാവ് യൂട്യൂബിൽ പങ്കുവച്ചിരുന്നു. ഇതിൽ പ്രകോപിതരായ സിപിഎം പ്രവർത്തകർ യുവാവ് നവകേരള സദസിൽ എത്തിയപ്പോൾ മർദ്ദിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് നിസാർ പോലീസിൽ പരാതിപ്പെടാനായി അരീക്കോട് പോലീസ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് പാർട്ടി പ്രവർത്തകർ വീണ്ടും യുവാവിനെ മർദ്ദിച്ചത്. ഈ സംഭവത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വധഭീഷണി മുഴക്കൽ, മർദ്ദിക്കൽ, ഭീഷണിപെടുത്തി സാധനങ്ങൾ അപഹരിക്കൽ തുടങ്ങിയ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്.















