കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ പോലീസ് നീക്കം. ഇത് സംബന്ധിച്ച് കൊട്ടാരക്കര കോടതിയിൽ നാളെ അപേക്ഷ നൽകും. മറ്റ് കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ പ്രതികൾ ശ്രമം നടത്തിയതിനെ കുറിച്ചും അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
കുട്ടിയെ കടത്തിയ പ്രതികളെ കണ്ടെത്താൻ മൂന്ന് കാര്യങ്ങളാണ് നിർണായകമായതെന്ന് പോലീസ് വ്യക്തമാക്കി. പ്രതികൾ കുട്ടിയെ കാണിച്ച കാർട്ടൂൺ, കുട്ടിയുടെ സഹോദരൻ പറഞ്ഞ അടയാളങ്ങൾ വെച്ച് വരച്ച രേഖാചിത്രം, കണ്ണനൂർ സ്വദേശി പറഞ്ഞ വിവരങ്ങൾ ഇവയാണ് കേസിന് നിർണായകമായതെന്ന് പോലീസ് അറിയിച്ചു.
മോചനദ്രവ്യം ആവശ്യപ്പെട്ട് വന്ന ഫോൺ കോളിലെ സ്ത്രീ ശബ്ദവുമായി ബന്ധപ്പെട്ട കണ്ണനല്ലൂർ സ്വദേശി സമദ് ഉന്നയിച്ച സംശയമാണ് അന്വേഷണം പ്രതികളിലേക്കെത്തിച്ചത്. സമദിന്റെ സുഹൃത്തിന്റെ ഫോണിൽ പണം ചോദിച്ചെത്തിയ സന്ദേശത്തിലെ ശബ്ദവുമായി ഫോൺകോളിലെ ശബ്ദത്തിന് സാമ്യമുള്ളതായി തോന്നിയതോടെ സമദ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സമദിന്റെ നിർണായക വിവരം കേസിലെ രണ്ടാം പ്രതിയായ അനിതയിലേക്കെത്തിച്ചു. അനിതയുടെ വീട് അന്വേഷിച്ചെത്തിയ പോലീസ് പ്രതികൾ സഞ്ചരിച്ച കാർ വീട്ടുമുറ്റത്ത് കണ്ടതോടെ സംശയം ഉറപ്പിച്ചു. വീട്ടിലുണ്ടായിരുന്ന പ്രതികളെ കുട്ടി തിരിച്ചറിഞ്ഞതോടെയാണ് പ്രതികൾക്ക് പിടിവീണത്.















