ഛണ്ഡിഗഡ്: പഞ്ചാബിലെ സർക്കാർ സ്കൂളിൽ 60 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. പഞ്ചാബിലെ സംഗ്രൂരിലെ സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സ്കൂൾ കാന്റിനിൽ നിന്നും ഭക്ഷണം കഴിച്ച് വിദ്യാർത്ഥികൾക്കാണ് ആരോഗ്യ പ്രശ്നങ്ങളുണ്ടായത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സയിലാണ്.
കാന്റീനിൽ നിന്നും ഭക്ഷണം കഴിച്ചതിന് പിന്നാലെ വിദ്യാർത്ഥികൾക്ക് ക്ഷീണവും, ഛർദ്ദിയും ഉണ്ടാകുകയായിരുന്നു. സംഭവത്തിന് പിന്നാലെ കാന്റീൻ നടത്തിപ്പുകാർക്കെതിരെയും ജീവനക്കാർക്കതിരെയും പോലീസ് കേസെടുത്തു. വധശ്രമം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മുമ്പും സമാന സംഭവമുണ്ടായിട്ടും നടപടി എടുക്കാതിരുന്ന സ്കൂൾ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കാന്റീനിലെ മോശം ഭക്ഷണത്തെ കുറിച്ച് നിരവധി തവണ വിദ്യാർത്ഥികൾ സ്കൂൾ പ്രിൻസിപ്പലിനോട് പരാതി പറഞ്ഞിരുന്നു. എന്നാൽ പ്രിൻസിപ്പൽ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇത് കണക്കിലെടുത്താണ് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തത്.
പഴകിയ ഭക്ഷണം കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമായതെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് കാന്റീനിലെ ഭക്ഷ്യ സാബിളുകൾ ശേഖരിച്ച് പരിശോധന നടത്തി. ദീപാവലി ദിവസത്തിൽ ഭക്ഷണത്തിൽ പുഴു കിടന്നതായി വിദ്യാർത്ഥികൾ പ്രിൻസിപ്പലിനോട് പരാതി നൽകിയിരുന്നു. ഇതിനെതിരെയും പ്രിൻസിപ്പൽ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. സംഭവത്തിൽ കടുത്ത പ്രതിഷേധമാണ് രക്ഷിതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.