മനില: മതസമ്മേളത്തിനിടെയുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഫിലിപ്പൈൻ യൂണിവേഴ്സിറ്റി ഹാളിൽ നടന്ന കത്തോലിക്കാ കുർബാനയ്‌ക്കിടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് സ്ഫോടനം നടന്നത്.
യൂണിവേഴ്സിറ്റിയിലുണ്ടായ സ്ഫോടനം ഐഎസ് ഭീകരാക്രണമാണെന്ന് സംശയമുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ ഉണ്ടാകുന്ന ഇത്തരം ഭീകരാക്രമണങ്ങൾ അതീവ ഗൗരവകരമാണെന്ന് ഡെൽ സുർ ഗവർണർ മമിന്റൽ അഡിയോഗ് പറഞ്ഞു.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ക്ലാസുകൾ ഉണ്ടാകില്ലെന്ന് സർവകലാശാല അറിയിച്ചു. കഴിഞ്ഞ ദിവസം ഡെൽ സുർ പ്രവിശ്യയിൽ ഐഎസ് അനുകൂല സംഘടനായ ദവ്‌ല ഇസ്ലാമിയ-ഫിലിപ്പൈൻസിൽ ഉൾപ്പെട്ട 11 പേരെ സൈനികർ വധിച്ചിരുന്നു.