ന്യൂഡൽഹി: ലൈംഗികാതിക്രമത്തിന് ഇരയാകുന്ന പെൺകുട്ടികൾക്ക്, എല്ലായ്പ്പോഴും പദാനുപദമായി വിശദാംശങ്ങൾ വിവരിക്കാൻ കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതി. പെൺകുട്ടിക്കുണ്ടാകുന്ന ആഘാതം പരിഗണിക്കാതിരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
13-കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതിന് ശിക്ഷിക്കപ്പെട്ട വ്യക്തി നൽകിയ അപ്പീൽ പരിഗണിക്കവേയാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കുറ്റാരോപിതർക്കും ഇരയാകുന്നവർക്കും ന്യായമായ നീതി നൽകുക എന്നതിന്റെ അടിസ്ഥാനത്തിലാണ് അതിജീവിതയുടെ മൊഴികൾ പരിശോധിക്കുന്നത്. അല്ലാതെ വാക്കുകളുടെ കർശനമായ കൃത്യതയല്ല അവിടെ അളവുകോലെന്നും ജസ്റ്റിസ് സ്വരണ കാന്ത ശർമ്മ കൂട്ടിച്ചേർത്തു.
ബലാത്സംഗത്തെത്തുടർന്ന് ഗർഭിണിയാവുകയും കുഞ്ഞിന് ജന്മം നൽകുകയും ചെയ്യുമ്പോൾ പെൺകുട്ടിക്കുണ്ടാകുന്ന ആഘാതം പരിഗണിക്കാതിരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. അതിജീവിതയുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പശ്ചാത്തലം, ലൈംഗികാതിക്രമം, കുറ്റാരോപിതനായ കുഞ്ഞിന് ജന്മം നൽകിയത് മൂലം അവർ നേരിട്ട മാനസികാഘാതം എന്നിവ ഒരു ഘട്ടത്തിലും കോടതിക്ക് അവഗണിക്കാനാവില്ല. പോക്‌സോ നിയമ പ്രകാരം പ്രതിക്ക് 10 വർഷം കഠിന തടവിനാണ് വിചാരണക്കോടതി ശിക്ഷിച്ചത്. ഇതിനെതിരെയാണ് പ്രതി ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.















