റിയാദ്: സൗദി അറേബ്യയിൽ കൈക്കൂലി, അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ പ്രവാസി പൗരന്മാരുൾപ്പെടെ 146 പേർ അറസ്റ്റിൽ. അഴിമതിവിരുദ്ധ അതോറിറ്റിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കേസുകളിൽ ഇതുവരെ 341 പേരെയാണ് ചോദ്യം ചെയ്തത്. ആഭ്യന്തരം, നീതിന്യായം, ആരോഗ്യം, വിദ്യാഭ്യാസം, പ്രതിരോധം തുടങ്ങിയ മന്ത്രാലയങ്ങളിലെ ജീവനക്കാരും കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അതോറിറ്റി അറിയിച്ചു. ഒരു മാസത്തോളം നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്.
അഴിമതി കണ്ടെത്തുന്നതിനായി സൗദി അറേബ്യയിൽ കർശന പരിശോധന നടത്തിയിരുന്നു. വിവിധ സുരക്ഷാ വിഭാഗങ്ങൾ ചേർന്നാണ് പരിശോധന നടത്തിയത്. തുടർന്ന് കേസുകളുമായി ബന്ധപ്പെട്ട് നിരവധി പേരെ കസ്റ്റഡിയിലെടുത്തിരുന്നു. താമസ നിയമലംഘനം, അതിർത്തി സുരക്ഷാ ചട്ടലംഘനം, തൊഴിൽ നിയമന ലംഘനം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.