ശ്രീനഗർ: നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയെടുത്ത വൻ വിജയത്തിൽ പ്രതീകരണവുമായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. തിരഞ്ഞെടുപ്പ് ഫലങ്ങൾ വിലയിരുത്തുമ്പോൾ, ഭാവിയിൽ സ്ഥിതി ഇങ്ങനെ തന്നെ തുടർന്നാൽ, ഇൻഡി സഖ്യത്തിന് വിജയിക്കാൻ കഴിയില്ലെന്ന് ഒമർ അബ്ദുള്ള പറഞ്ഞു.
“സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ ഇൻഡി സംഖ്യത്തിന്റെ ഫലങ്ങൾ വിലയിരുത്തുമ്പോൾ, ഭാവിയിൽ സ്ഥിതി ഇങ്ങനെയാണെങ്കിൽ ഞങ്ങൾക്ക് ഒരിക്കലും വിജയിക്കാനാവില്ല,” ഒമർ അബ്ദുള്ള മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. തെലങ്കാനയിൽ മാത്രമേ പാർട്ടിക്ക് വിജയിക്കാനായുള്ളൂ എന്നതിനാൽ സംസ്ഥാന തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ അവകാശവാദം തെറ്റാണെന്ന് തെളിഞ്ഞെന്നും അബ്ദുള്ള കൂട്ടിച്ചേർത്തു.
ബിജെപിയുടെ വിജയം തങ്ങൾ പ്രതീക്ഷിച്ചില്ല. അതിന് ബിജെപിയെ അഭിനന്ദിക്കണം. കോൺഗ്രസ് രാജസ്ഥാനിൽ വിജയിക്കുമെന്നാണ് പറഞ്ഞ് നടന്നത്. ഒടുവിൽ ഫലം വന്നപ്പോൾ തെലങ്കാനയിൽ മാത്രമാണ് സത്യമായത്, അവർക്ക് മദ്ധ്യപ്രദേശിനെ തിരിച്ചുപിടിക്കാനോ രാജസ്ഥാനിൽ വീണ്ടും വിജയിക്കാനോ കഴിഞ്ഞില്ല. ഇൻഡി സഖ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിന് നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റിന്റെ പ്രതീകരണം ഇതായിരുന്നു “ഡിസംബർ 6 ന്, കോൺഗ്രസ് മേധാവി ചില ഇൻഡി സഖ്യ നേതാക്കളെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചിട്ടുണ്ട് . മൂന്ന് മാസത്തിന് ശേഷമാണ് അവർക്ക് ഇപ്പോൾ സഖ്യത്തെ കുറിച്ച് ഓർമ്മിച്ചത്.
മദ്ധ്യപ്രദേശിലെ കോൺഗ്രസിന്റെ ദയനീയ പരാജയത്തെ കുറിച്ച് സംസാരിച്ച അബ്ദുള്ള, കോൺഗ്രസ് തങ്ങളുടെ ഇൻഡി സഖ്യത്തിലെ പങ്കാളിയായ സമാജ്‌വാദി പാർട്ടിക്ക് മത്സരിക്കാൻ കുറച്ച് സീറ്റുകൾ നൽകണമായിരുന്നുവെന്ന് പറഞ്ഞു. “ഒന്നുകിൽ കോൺഗ്രസിന് സംസ്ഥാനത്തെ സ്ഥിതിഗതികൾ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. അഖിലേഷ് യാദവിന് 5-7 സീറ്റുകൾ നൽകിയിരുന്നെങ്കിൽ എന്ത് ദോഷമാണ് സംഭവിക്കുക. എന്ത് കൊടുങ്കാറ്റ് വീശിയടിക്കും? എന്നിട്ട് ഇപ്പോൾ എവിടെ വിജയിച്ചു? സംസ്ഥാന അസംബ്ലി തിരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസ് പ്രതിപക്ഷ സഖ്യവുമായി ചേർന്ന് മത്സരിക്കുമോയെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, “എൻസി ഒറ്റയ്‌ക്ക് നിൽക്കും” എന്നായിരുന്നു ഒമർ അബ്ദുള്ളയുടെ പ്രതീകരണം.















