രൺബീർ കപൂറിന്റെ വമ്പൻ റിലീസായിരുന്നു അനിമൽ. ആദ്യ ദിനം മുതൽ വിജയക്കുതിപ്പിലാണ് ചിത്രം. നടൻ ബോബി ഡിയോളാണ് ചിത്രത്തിൽ പ്രതിനായക വേഷത്തിൽ എത്തിയത്. ഒന്നിന് തീയേറ്ററിൽ എത്തിയ ചിത്രം മൂന്ന് ദിവസം കൊണ്ടുതന്നെ വൻ കളക്ഷൻ നേടി മുന്നേറുകയാണ്. ഇപ്പോഴിതാ അനിമലിന്റെ വിജയത്തിൽ വികാരഭരിതനായി പ്രതികരിച്ചിരിക്കുകയാണ്്. ഒരു പരിപാടിക്കിടെയായിരുന്നു സംഭവം.
‘ദൈവം ശരിക്കും ദയയുളളവനാണ്. ഞങ്ങളുടെ സിനിമയ്‌ക്ക് ഇത്രയും സ്‌നേഹം ലഭിക്കുന്നത് ഒരു സ്വപ്നം പോലെ തോന്നുന്നു’ എന്നാണ് വികാരഭരിതനായി ബോബി ഡിയോൾ പറഞ്ഞത്. തന്റെ ആരാധകർക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. ആരാധകരോട് കണ്ണീരോടെ നന്ദിയും സ്നേഹവും അറിയിക്കുന്ന താരത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
റിലീസ് ചെയ്ത് മൂന്നാം ദിവസം തന്നെ ചിത്രം ബോക്‌സോഫീസിൽ വൻ ഹിറ്റായി മാറിയിരിക്കുകയാണ്. റിലീസ് ദിവസം തന്നെ അനിമൽ സ്വന്തമാക്കിയത് 63 കോടിയിലധികം രൂപയാണ്. രണ്ടാം ദിവസത്തോടെ കളക്ഷൻ 100 കോടി കടന്നുവെന്നാണ് പുറത്തു വരുന്ന കണക്കുകൾ. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അർജുൻ റെഡ്ഡി സിനിമയുടെ സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയാണ്.
റൺബീർ കപൂറിന്റെ നായികയായി എത്തുന്നത് രശ്മിക മന്ദാനയാണ്. അനിൽ കപൂറും ചിത്രത്തിൽ ശ്രദ്ധേയമായൊരു വേഷം ചെയ്യുന്നുണ്ട്.