ന്യൂഡൽഹി: തെലങ്കാനയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നടത്തിയ പ്രകടനത്തെ അഭിനന്ദിച്ച് കേന്ദ്രമന്ത്രിയും ബിജെപി തെലങ്കാന അദ്ധ്യക്ഷനുമായ ജി കിഷൻ റെഡ്ഡി. കഴിഞ്ഞ തവണത്തെക്കാളും ഇക്കുറി വോട്ട് വിഹിതം ഇരട്ടിയാക്കിയെന്നും, ഒരു സീറ്റിൽ നിന്ന് എട്ട് സീറ്റുകൾ എന്നതിലേക്ക് നേട്ടം വർദ്ധിപ്പിക്കാനായെന്നും കിഷൻ റെഡ്ഡി പറഞ്ഞു.
” തെലങ്കാനയിൽ ബിജെപി ഏറ്റവും മികച്ച രീതിയിലാണ് പ്രവർത്തിച്ചത്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപി കൂടുതൽ വോട്ടുകൾ നേടി. വോട്ട് വിഹിതം 6.10 ശതമാനത്തിൽ നിന്ന് 14 ശതമാനത്തിന് മുകളിലായി. ഒറ്റത്തവണ കൊണ്ട് ഇരട്ടിയിലേറെ എന്ന നേട്ടമാണ് ഉണ്ടായത്. സീറ്റുകളുടെ എണ്ണം നോക്കുകയാണെങ്കിൽ ഒന്നിൽ നിന്ന് എട്ട് സീറ്റ് എന്ന നേട്ടമാണ് സ്വന്തമാക്കിയത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ ഈ നേട്ടം സഹായിക്കുമെന്നും” കിഷൻ റെഡ്ഡി പറഞ്ഞു.
മുഖ്യമന്ത്രിയും ബിആർഎസ് അദ്ധ്യക്ഷനുമായ കെ ചന്ദ്രശേഖര റാവുവിനെ പരാജയപ്പെടുത്തി കാമറെഡ്ഡി നിയമസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച ബിജെപി സ്ഥാനാർത്ഥി വെങ്കട്ട രമണ റെഡ്ഡിയേയും അദ്ദേഹം അഭിനന്ദിച്ചു. കാമറെഡ്ഡി, ഗജവേൽ എന്നിങ്ങനെ രണ്ട് നിയമസഭാ സീറ്റുകളിൽ നിന്നാണ് ചന്ദ്രശേഖര റാവു മത്സരിച്ചത്. ഇതിൽ ഗജവേൽ മണ്ഡലത്തിൽ നിന്ന് ചന്ദ്രശേഖര റാവു വിജയിച്ചിരുന്നു. സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടിയുടെ പ്രധാന മുഖമായിരുന്ന രേവന്ത് റെഡ്ഡിയാണ് കാമറെഡ്ഡിയിൽ മൂന്നാം സ്ഥാനത്തെത്തിയത്. ചന്ദ്രശേഖര റാവുവിന് സമാനമായി രേവന്ത് റെഡ്ഡിയും രണ്ട് മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടിയിരുന്നു.
” കാമറെഡ്ഡിയിൽ ബിജെപി സ്ഥാനാർത്ഥി വെങ്കട്ട രമണ റെഡ്ഡി പരാജയപ്പെടുത്തിയത് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും കരുത്തരായ രണ്ട് സ്ഥാനാർത്ഥികളെയാണ്. കെസിആറിനേയും, രേവന്ത് റെഡ്ഡിയേയും പരാജയപ്പെടുത്തിക്കൊണ്ട് ഏറ്റവും മികച്ച പ്രകടനമാണ് വെങ്കട്ട രമണ നടത്തിയതെന്നും” കിഷൻ റെഡ്ഡി പറഞ്ഞു.