ന്യൂഡൽഹി: ഇന്നലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ എന്നീ മൂന്ന് സംസ്ഥാനങ്ങളിലും വെന്നിക്കൊടി നാട്ടിയ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അഭിനന്ദങ്ങൾ അറിയിച്ച് പ്രശസ്ത ആഫ്രിക്കൻ- അമേരിക്കൻ ഗായികയും നടിയുമായ മേരി മിൽബെൻ. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് താരം പ്രധാനമന്ത്രിയെ പ്രശംസിച്ച് രംഗത്തെത്തിയത്.
” ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നിരിക്കുന്നു. രാജസ്ഥാൻ, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ് എന്നീവിടങ്ങളിൽ വിജയിക്കാൻ ബിജെപിക്കായി. 2024-ലെ തിരഞ്ഞടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയമാണ് ഈ വിജയങ്ങളിലൂടെ പ്രതിഫലിക്കുന്നത്. ഇന്ത്യ- അമേരിക്ക ബന്ധം ദൃഢമാക്കുന്നതിൽ മുൻകൈ എടുക്കുന്ന മികച്ച നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി”- മേരി മിൽബെൻ കുറിച്ചു.
ആഫ്രിക്കൻ യൂണിയനെ ജി20 ഉച്ചക്കോടിയുടെ ഭാഗമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശത്തെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹത്തിനും ആഗോള ദക്ഷിണേന്ത്യക്കും നമ്മുടെ ലോകത്തെ സ്വാധീനിക്കുന്ന നയങ്ങൾ രൂപീകരിക്കാൻ സാധിക്കുമെന്നും മിൽബെൻ പങ്കുവച്ച വീഡിയോ സന്ദേശത്തിൽ പറയുന്നു. കഴിഞ്ഞ ജൂണിൽ അമേരിക്കയിൽ വച്ച് നടന്ന ഒരു പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുത്തിരുന്നു. അന്ന് പരിപാടിയിൽ മിൽബെൻ ഭാരതത്തിന്റെ ദേശീയഗാനം ആലപിച്ചാണ് പ്രധാനമന്ത്രിയോടുള്ള ആദരവ് പ്രകടിപ്പിച്ചത്.















