എറണാകുളം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എ. സുരേഷ്‌കുമാർ, പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഗോപകുമാർ, സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് ഭാസുരാംഗന്റെ അടുത്ത ബന്ധുക്കളിൽ ചിലർ, മുൻ ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവരെയാണ് ഇഡി ചോദ്യം ചെയ്യുക.
തിങ്കളാഴ്ച രാവിലെ കൊച്ചിയിൽ ഇഡി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശിച്ച് ഇവർക്ക് ഇഡി നോട്ടീസ് നൽകിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സുരഷ്‌കുമാറിന് 17 ലക്ഷം രൂപയുടെ വായ്പയുണ്ട്. 10 ലക്ഷം രൂപ വരെ മാത്രം ലോണായി നൽകുവാൻ പരിധി ഉള്ള ബാങ്കിൽ നിന്നും അധിക തുക ലോൺ ആയി സുരേഷ്‌കുമാറിന് ലഭിച്ചത് സിപിഎം ഈ അഴിമതി മറച്ചുവയ്‌ക്കാൻ വേണ്ട സഹായം നൽകിയത് കൊണ്ടാണെന്ന് നിക്ഷേപകർ വ്യക്തമാക്കുന്നു. കഴിഞ്ഞ ഭരണസമിതിയിൽ ഡയറക്ടറുമായിരുന്നു സിപിഎം നേതാവ് കൂടിയായ സുരേഷ്‌കുമാർ.
അതേസമയം കേസിൽ അറസ്റ്റിലായ സിപിഐ നേതാവും, ബാങ്ക് ഭരണസമിതി മുൻ വൈസ് പ്രസിഡന്റുമായ എൻ.ഭാസുരാംഗനും മകൻ അഖിൽജിത്തും റിമാൻഡിലാണ്. ഭാസുരാംഗൻ ഇന്ന് ജാമ്യാപേക്ഷ നൽകുകയും ചെയ്യുന്നുണ്ട്.















