70 വയസ്സുള്ള ഉഗാണ്ടൻ സ്ത്രീ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. സഫീന നമുക്വായ
എന്ന സത്രീയാണ് കമ്പാലയിലെ ഒരു ക്ലിനിക്കിൽ ആൺകുട്ടിക്കും പെൺകുട്ടിക്കും ജന്മം നൽകിയത്. ഇതൊടെ സഫീന നമുക്വായ ആഫ്രിക്കയിലെ ഏറ്റവും പ്രായം കൂടിയ അമ്മയായെന്ന റെക്കോർഡ് സ്വന്തമാക്കി. വാർദ്ധക്യ കാലത്തെ ഗർഭധാരണത്തെയും പ്രസവത്തെയും മെഡിക്കൽ സയൻസ് അത്ഭുതമെന്നാണ് വിലയിരുത്തിയത്. ഹോസ്പിറ്റലും ഫെർട്ടിലിറ്റി കെയർ സെന്ററും തങ്ങളുടെ ഫേസ്ബുക്ക് പേജിൽ അമ്മയുടെയും കുഞ്ഞുങ്ങളുടെയും ചിത്രങ്ങൾ പങ്കുവെക്കുകയും സഫീനയെ അഭിനന്ദിക്കുകയും ചെയ്തു.
സഫീന ഫെർട്ടിലിറ്റി ചികിത്സയിലൂടെ ഐവിഎഫ് (വിട്രോ ഫെർട്ടിലൈസേഷൻ) വഴിയാണ് പ്രസവിച്ചതെന്നാണ് റിപ്പോർട്ട്. ഒരു ദാതാവിന്റെ അണ്ഡവും പങ്കാളിയുടെ ബീജവും ഉപയോഗിച്ചാണ് ഐവിഎഫ് പൂർത്തിയാക്കിയത്. മാസം തികയാതെയാണ് കുഞ്ഞുങ്ങൾ ജനിച്ചതെങ്കിലും അമ്മയും കുഞ്ഞുങ്ങളും പൂർണ്ണ ആരോഗ്യവാൻമാരാണ്.
വിമൻസ് ഹോസ്പിറ്റൽ ഇന്റർനാഷണൽ ആൻഡ് ഫെർട്ടിലിറ്റി സെന്റർ ഇതൊരു ചരിത്ര സംഭവമാണെന്ന് വിശേഷിപ്പിച്ചു. “തീർച്ചയായും ഒരു ചരിത്ര നേട്ടം… ഈ കഥ കേവലം വൈദ്യശാസ്ത്ര വിജയത്തെക്കുറിച്ചല്ല; ഇത് മനുഷ്യാത്മാവിന്റെ ശക്തിയെയും പ്രതിരോധശേഷിയെയും കുറിച്ചാണ്,” ഫെർട്ടിലിറ്റി സെന്റർ ഫേസ്ബുക്കിൽ പറഞ്ഞു.
സഫീനയുടെ രണ്ടാമത്തെ പ്രസവമാണിത്. 2020-ൽ ഒരു പെൺകുട്ടിക്ക് ജന്മം നൽകിയിരുന്നു. കുട്ടികളില്ലാത്തതിനാൽ സഫീന നിരന്തം പരിഹസിക്കപ്പെട്ടുവെന്നും ഇതാണ് വീണ്ടും അമ്മയാകാൻ അവരെ പ്രേരിപ്പിച്ചതെന്നും മാദ്ധ്യമ റിപ്പോർട്ടുകളിൽ പറയുന്നു.