കേരളത്തിലേക്ക് വടക്കേ ഇന്ത്യക്കാർ എത്തിയതിനൊപ്പം കൂടെ എത്തിയ കക്ഷിയാണ് പാനി പൂരി. മലയാളി ഇതിനെ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. ഏറെ സ്വാദിഷ്ടമായ സ്ട്രീറ്റ് ഫുഡുകളിലൊന്നാണ് പാനി പൂരി.
മസാലകൾ കലർന്ന ഉരുളക്കിഴങ്ങുകൾ, ചെറുപയർ, ഉള്ളി എന്നിവയുടെ മിശ്രിതം, പുളിവെള്ളം, പുതിന, മല്ലി, മറ്റ് ഔഷധസസ്യങ്ങൾ എന്നിവയാൽ നിറച്ച പൊള്ളയായ, ക്രിസ്പി ബോൾ ആണ് ഇത്. ആരോഗ്യത്തിന് സഹായകമായ ഗുണങ്ങൾ ഇവ നൽകുന്നുണ്ട്. അവയിൽ ചിലത് ഇതാ..
1) മെച്ചപ്പെട്ട ദഹനത്തിന്:– സുഗന്ധ വ്യഞ്ജനങ്ങളും പാനി പൂരിയിൽ ചേർക്കുന്നുണ്ട്. ഇവ ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു.
2) പോഷക സമ്പന്നം:– ശരീര ഘടനയ്‌ക്കും പ്രവർത്തനങ്ങൾക്കും സഹായിക്കുന്ന ഘടകങ്ങളായ മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. പോഷകങ്ങൾ ശരീരത്തിന് ലഭിക്കാനായി പാനി പൂരി കഴിക്കുന്നത് നല്ലതാണ്.
3) ശരീരം ഭാരം കുറയ്‌ക്കാൻ:- പാനി പൂരിയിൽ ഉപയോഗിക്കുന്ന വെള്ളം ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കും. ഇതിൽ കലോറി കുറവാണ്. മെറ്റബോളിസത്തെ സഹായിക്കുന്ന നാരുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. പാനി പൂരിയുടെ ബോളിൽ നിറയ്‌ക്കുന്ന ഫില്ലിംഗിൽ ഉപയോഗിക്കുന്ന പച്ചക്കറികളാണ് കലോറിയെ നിയന്ത്രിക്കുന്നത്.
4) രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാൻ:- ജീരകം, കുരുമുളക്, ഇഞ്ചി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ പാനി പൂരിയിൽ ചേർക്കുന്നുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്‌ക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ് ഇവ.
5) അസിഡിറ്റി കുറയ്‌ക്കാൻ:- പാനിപൂരിയിൽ ഉപയോഗിക്കുന്ന വെള്ളം അസിഡിറ്റിയിൽ നിന്ന് രക്ഷനേടാൻ മികച്ച ഓപ്ഷനാണ്. മല്ലിയില, പുതിന തുടങ്ങിയവ ദഹനത്തെ സഹായിക്കും.
ഗുണം പോലെ തന്നെ ദോഷവും ചെയ്യുന്ന ലഘുഭക്ഷണമാണ് പാനി പൂരി. ഇതിന്റെ ചേരുവകളോ ഇവ എത്രത്തോളം ഭക്ഷ്യയോഗ്യമാണെന്നോ ശ്രദ്ധിക്കാതെയാണ് പലരും പാനി പൂരി കഴിക്കുന്നത്. ഒരു പാനി പൂരിയിൽ ശരാശരി 25-30 കലോറി അടങ്ങിയിട്ടുണ്ട്. 6-8 പാനി പൂരികൾ അടങ്ങിയ ഒരു പ്ലേറ്റിൽ ഏകദേശം 200-250 കലോറി ഉണ്ട്. കാർബോഹൈഡ്രേറ്റും കലോറിയും കൂടുതലുള്ള ഫില്ലിംഗുകൾ അകത്ത് നിറച്ചാൽ പാനി പൂരി ദോഷകരമാകും.
ഉരുളക്കിഴങ്ങാണ് ഇതിൽ അധികവും ഉപയോഗിക്കുന്നത്. ഉയർന്ന കാർബോഹൈഡ്രേറ്റ് ഇതിലടങ്ങിയിട്ടുണ്ട്. ഇതിനൊപ്പം കഴിക്കുന്ന ചട്നിയിലും പുളിവെള്ളത്തിലും ഉയർന്ന പഞ്ചസാര അടങ്ങിയിട്ടുണ്ട്. പൂരിയിൽ കൂടിയ ഉപ്പിന്റെ അംശവും ആരോഗ്യത്തിന് അത്ര നല്ലതല്ല. അതിനാൽ പാനി പൂരി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.
ഉരുളക്കിഴങ്ങിന് പകരം, വേവിച്ച പയർ വർഗങ്ങൾ, മധുരക്കിഴങ്ങ് എന്നിവ ഉപയോഗിക്കാവുന്നതാണ്. പഞ്ചസാരയ്‌ക്ക് ബദലായി ഈന്തപ്പഴം ഉപയോഗിക്കാവുന്നതാണ്. വെള്ളത്തിൽ ഉപ്പും, മസാലയും ചേർക്കുന്നത് കുറയ്‌ക്കുന്നതും നല്ലതാണ്. തുളസി, മല്ലിയില തുടങ്ങിയവയ്‌ക്കൊപ്പം നാരങ്ങാനീരും ഉപയോഗിച്ചാൽ സ്വാദിഷ്ടമാകും, ഒപ്പം കലോറിയും കുറയ്‌ക്കാവുന്നതാണ്.
നേരത്തേ ഉണ്ടാക്കിവച്ച കൂട്ടും പാനീയങ്ങളുമാണ് ഇതിന്റെ ചേരുവകൾ. ഭക്ഷ്യവസ്തുക്കൾ പഴകുമ്പോൾ വളരുന്ന സാൽമൊണല്ല, സ്റ്റെഫല്ലോകോക്കസ് തുടങ്ങിയ ബാക്ടീരിയകളുടെ സാന്നിധ്യം പലപ്പോഴും ഇത്തരം ഭക്ഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. അതും ശ്രദ്ധിക്കേണ്ടതാണ്.















