ന്യൂഡൽഹി: രാജ്യസഭ വൈസ് ചെയർപേഴ്‌സൺ പാനലിൽ 50 ശതമാനം സ്ത്രീ പ്രാതിനിധ്യം. ഏട്ടംഗ പാനലിൽ നാലുപേർ വനിതകളാണ്. രാജ്യസഭാ ചെയർമാനും ഉപരാഷ്‌ട്രപതിയുമായ ജഗ്ദീപ് ധൻകറാണ് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്ന് പുതിയ പാനൽ പ്രഖ്യാപിച്ചത്.
പുനഃസംഘടിപ്പിച്ച പാനലിലെ നാല് വനിതകളിൽ മൂന്ന് പേർ ബിജെപി എംപിമാരാണ്. ഫാംഗ്‌നോൺ കൊന്യാക്, ദർശന സിംഗ്, സോണാൽ മാൻസിംഗ് എന്നിവരാണ് വൈസ് ചെയർപേഴ്‌സൺ പാനലിലെ ബിജെപി എംപിമാർ. കോൺഗ്രസിന്റെ ഫുലോ ദേവി നേതാമാണ് നാലാമത്തെ വൈസ് ചെയർപേഴ്‌സൺ.
ബിജു ജനതാ ദളിന്റെ സസ്മിത് പത്ര, വൈഎസ്ആർ കോൺഗ്രസിന്റെ വിജയസായ് റെഡ്ഡി, തൃണമൂൽ കോൺഗ്രസിന്റെ സുഖേന്ദു ശേഖർ റായ്, ഹരിയാനയിൽ നിന്നുള്ള സ്വതന്ത്ര എംപി കാർത്തികേയ ശർമ്മ എന്നിവരാണ് വൈസ് ചെയർപേഴ്‌സൺ പാനലിലെ മറ്റ് അംഗങ്ങൾ.















