ഒന്നാം വിവാഹ വാർഷികം ആഘോഷമാക്കി തെന്നിന്ത്യൻ താരസുന്ദരി ഹൻസിക മൊട്‌വാനി. കഴിഞ്ഞ വർഷം ഡിസംബർ നാലിനാണ് ഹൻസികയും സുഹൃത്തും ബിസിനസുകാരനുമായ സൊഹേൽ കതൂരിയുമായുള്ള വിവാഹം നടന്നത്.

സമൂഹ മാദ്ധ്യമമായ ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു ഹൻസിക ഭർത്താവ് സൊഹേലിന് ആശംസകൾ നേർന്നത്. പിന്നാലെ നിരവധി ആരാധകർ ഹൻസികയ്‌ക്ക് ആശംസകളുമായി എത്തി.
View this post on Instagram
‘വിവാഹ വാർഷിക ആശംസകൾ പ്രിയപ്പെട്ടവനെ.. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനമായിരുന്നു ഇത്. ഈ വർഷം നമുക്ക് നന്മകളുടേത് മാത്രമായിരിക്കും’.

എന്നായിരുന്നു ഹൻസിക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പ്. ഒപ്പം വിവാഹ ദിനത്തിലെ വളരെ പ്രിയപ്പെട്ട നിമിഷങ്ങൾ കോർത്തിണക്കിയ ഒരു വീഡിയോയും താരം പങ്കുവെച്ചു. വിവാഹ വാർഷിക ആഘോഷങ്ങളുടെ ചിത്രങ്ങളും ഹൻസിക പങ്കുവെച്ചു.

അടുത്ത സുഹൃത്തുക്കളായിരുന്ന ഹൻസികയും സാഹേലും നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. പാരിസിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. പിന്നാലെ രാജസ്ഥാനിലെ മുണ്ടോട്ട കോട്ടയിൽ വച്ച് വിവാഹിതരാവുകയായിരുന്നു.

ശേഷം ലവ് ഷാദി ഡ്രാമ എന്ന പേരിൽ തന്റെ വിവാഹ വീഡിയോ ആരാധകർക്കായി പങ്കുവെക്കുകയും ചെയ്തിരുന്നു. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയായിരുന്നു വീഡിയോ എത്തിയത്.

ഹൃത്വിക് റോഷൻ നായകനായ കോയി മിൽഗയ എന്ന ചിത്രത്തിൽ ബാലതാരമായാണ് ഹൻസിക അഭിനയ രംഗത്തേയ്‌ക്ക് കടന്നു വന്നത്. പിന്നീട് അല്ലു അർജ്ജുന്റെ ഹീറോ എന്ന ചിത്രത്തിൽ നായികയായി തുടക്കമിട്ടു. തമിഴിലെയും തെലുങ്കിലെയും മുൻനിര നായകൻമാർക്കൊപ്പമെല്ലാം ഹൻസിക നായികയായി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മോഹൻലാലിനൊപ്പം വില്ലൻ എന്ന സിനിമയിലും ഹൻസിക ശ്രദ്ധേയമായൊരു വേഷം കൈകാര്യം ചെയ്തു.















