ന്യൂഡൽഹി: അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ 69-ാം ദേശീയ സമ്മേളനം ഏഴ് മുതൽ 10 വരെ ന്യൂഡൽഹിയിലെ ഇന്ദ്രപ്രസ്ഥത്തിൽ നടക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സമ്മേളനം ഉദ്ഘാടനം ചെയ്യും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരത്തിലധികം വിദ്യാർത്ഥികൾ സമ്മേളനത്തിന്റെ ഭാഗമാകും. വിദ്യാഭ്യാസം, പരിസ്ഥിതി, കായികം, കല, സമകാലിക വിഷയങ്ങൾ തുടങ്ങി രാജ്യത്തെ യുവജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ചകൾ നടക്കുമെന്നും എബിവിപി അറിയിച്ചു.
ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ശോഭയാത്ര, എബിവിപിയുടെ ചരിത്രം വിളിച്ചോതുന്ന പ്രദർശനം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്ന് എബിവിപി ഭാരവാഹികൾ ഡൽഹിയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.