തൃശൂർ: ഫൈവ് സ്റ്റാർ ഹോട്ടലാണെന്ന് തെറ്റിദ്ധരിച്ച് പലരും സ്കൂളുകളിലേക്ക് എത്തുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ചേലക്കരയിൽ നടന്ന നവകേരള സദസ്സിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ അവകാശവാദം. ഭൗതികമായി സ്കൂളുകൾ മെച്ചപ്പെട്ടു, ഇനി ബാക്കിയുള്ളത് കുട്ടികളുടെ പഠന നിലവാരം വർദ്ധിപ്പിക്കുകയാണ്. ഇതിനായുള്ള നടപടികൾ സ്വീകരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
അയ്യായിരം കോടി രൂപയാണ് വിദ്യാലയങ്ങൾക്കായി സംസ്ഥാനം ചിലവഴിച്ചത്. പ്രായമായ പലർക്കും ഒന്നുകൂടി സ്കൂളിൽ പോയി പഠിച്ചാലോ എന്ന് തോന്നും. പലരും റോഡ് സൈഡിലുള്ള കെട്ടിടങ്ങൾ കണ്ട് ഇത് ഫൈവ്സ്റ്റാർ ഹോട്ടലാണെന്ന് തെറ്റിദ്ധരിച്ച് റൂം ഉണ്ടോയെന്ന് അന്വേഷിച്ച് കയറിച്ചെല്ലുമെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു.
അടുത്ത ലക്ഷ്യം കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുക എന്നതാണ്. നമ്മുടെ കുട്ടികൾ ഏതു പരീക്ഷ എഴുതാൻ പോയാലും ഒന്നാം സ്ഥാനത്തെത്തണം. അതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.