ഇസ്ലാമാബാദ് : 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ലഷ്‌കർ ഭീകരൻ സാജിദ് മിറിനെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തി . പാകിസ്താനിലെ ദേരാ ഗാസി ഖാനിൽ സ്ഥിതി ചെയ്യുന്ന സെൻട്രൽ ജയിലിലാണ് സാജിദ് മിർ .ഇവിടെ വച്ചാണ് ഇയാളെ അവശനിലയിൽ കണ്ടെത്തിയത് . സിഎംഎച്ച് ബഹവൽപൂരിൽ ചികിത്സയിലാണ് മിർ. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയാണ് ഇയാളെ വിമാനമാർഗം ആശുപത്രിയിലെത്തിച്ചത് . നിലവിൽ മിറിന്റെ നില ഗുരുതരമാണെന്നും , വെന്റിലേറ്ററിലാണെന്നുമാണ് വിവരം.
ജയിലിൽ ഭക്ഷണം പാകം ചെയ്യുന്നവരിലാണ് പാകിസ്താൻ പോലീസും, അധികൃതരും സംശയം ഉന്നയിക്കുന്നത്. ഇവർക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനത്തിൽ നിന്ന് വന്ന പാചകക്കാരനാണ് ഇവിടെ ഭക്ഷണമുണ്ടാക്കിയതെന്ന് പറയപ്പെടുന്നു . പാചകക്കാരൻ ഇപ്പോൾ ഒളിവിലാണ്.
26/11 ആക്രമണം ആസൂത്രണം ചെയ്യുന്നതിൽ വലിയ പങ്ക് വഹിച്ച ഭീകരരിൽ ഒരാളാണ് സാജിദ് മിർ. ദിവസങ്ങൾക്ക് മുൻപാണ് ലാഹോർ സെൻട്രൽ ജയിലിൽ നിന്ന് ഇയാളെ മാറ്റിയത്. അമേരിക്കയും ഇയാളെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇയാളുടെ തലയ്‌ക്ക് 5 മില്യൺ ഡോളർ (41.68 കോടി രൂപ) യാണ് അമേരിക്ക പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത് . 2022 ജൂണിൽ, തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകിയ കേസിൽ പാകിസ്താനിലെ തീവ്രവാദ വിരുദ്ധ കോടതി മിറിനെ ശിക്ഷിച്ചിരുന്നു .
അടുത്തിടെ യുഎൻ സെക്യൂരിറ്റി കൗൺസിലിൽ (യുഎൻഎസ്‌സി) മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ നിർദ്ദേശം കൊണ്ടുവന്നെങ്കിലും ചൈന അത് തടഞ്ഞിരുന്നു.















