മഞ്ഞുമലകളും വെള്ളച്ചാട്ടങ്ങളും കാണുന്നവർ മാത്രമല്ല യാത്രാപ്രേമികൾ. അതിമനോഹരമായ കാഴ്ചകളേക്കാൾ ആത്മീയതയിലേക്കുള്ള സഞ്ചാരത്തിന് പ്രാധാന്യം നൽകുന്ന യാത്രാപ്രേമികളുമുണ്ട്. അത്തരത്തിൽ ഭാരതത്തിലെ പുണ്യസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ അതിനുള്ള അവസരമൊരുക്കുകയാണ് റെയിൽവേ. ജ്യോതിർലിംഗ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പാക്കേജാണ് റെയിൽവേയുടെ ഭാരത് ഗൗരവ് ട്രെയിൻ നൽകുന്നത്. 9 രാത്രികളും 10 പകലുകളും നീളുന്ന യാത്രയിൽ ഏഴോളം ജ്യോതിർലിംഗ ക്ഷേത്രങ്ങൾ സന്ദർശിക്കാനുള്ള അവസരം ലഭിക്കുന്നതാണ്.
ഓംകാരേശ്വർ, മഹാകാലേശ്വർ, സോമനാഥ്, ദ്വാരകാധിഷ്, നാഗേശ്വർ, ബെയ്ത് ദ്വാരക, ത്രൈയംബകേശ്വർ, ഗ്രിഷ്‌ണേശ്വർ, ഭീമാശങ്കർ എന്നീ ജ്യോതിർലിംഗ ക്ഷേത്രങ്ങളിലൂടെയാണ് യാത്ര കടന്നു പോവുന്നത്. ഡിസംബർ 9 ശനിയാഴ്‌ച്ച ഋഷികേശിൽ നിന്ന് യാത്ര പുറപ്പെടും. യാത്രാ ചിലവ്, ഗൈഡ്, ഭക്ഷണം, താമസം, ഇൻഷുറൻസ് എന്നിവയെല്ലാം പാക്കേജിൽ ഉൾപ്പെടുമെന്നത് ഭാരത് ഗൗരവ് സ്‌കീമിന്റെ പ്രത്യേകതയാണ്.
767 സീറ്റുകളാണ് ട്രെയിനിലുള്ളത്. കൺഫേർട്ടിൽ ( 2 എസി ക്ലാസ്) 49 പേർക്കും, സ്റ്റാൻഡേർഡിൽ (3 എസി ക്ലാസ്) 70 പേർക്കും, എക്കണോമിയിൽ (നോൺ എസി സ്ലീപ്പർ) 678 പേർക്കുമാണ് യാത്ര ചെയ്യാനാവുക. എക്കണോമി സീറ്റിംഗ് തിരഞ്ഞെടുക്കുന്ന മുതിർന്നവർക്ക് 19,000 രൂപയും കുട്ടികൾക്ക് 17,900 രൂപയുമാണ്. സ്റ്റാൻഡേർഡ് സീറ്റിംഗിൽ ഇത് 31,900 രൂപയും 30,600 രൂപയുമാകുന്നു. കംഫർട്ട് സീറ്റിംഗിൽ ബുക്ക് ചെയ്യാൻ മുതിർന്നവർക്ക് 42,350 രൂപയും കുട്ടികൾക്ക് 40,800 രൂപയുമാണ് നിരക്ക് വരുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഐആര്‍സിടിസി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക https://www.irctctourism.com/pacakage_description?packageCode=NZBG28