അഹമ്മദാബാദ് : കൃത്രിമ ഹൃദയ വാൽവുകളും , മറ്റ് അനുബന്ധ ഉപകരണങ്ങളും ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യാനുള്ള തീരുമാനവുമായി ജപ്പാൻ . ഗുജറാത്ത് ആസ്ഥാനമായുള്ള ബിലാഖിയ ഗ്രൂപ്പ് കമ്പനിയായ മെറിൽ ലൈഫ് സയൻസസ്, ജപ്പാനിലെ പ്രമുഖ കാർഡിയോ വാസ്കുലർ മെഡ്ടെക് കമ്പനിയായ ജപ്പാൻ ലൈഫ്ലൈനുമായി ഇതുമായി ബന്ധപ്പെട്ട് കരാർ ഒപ്പുവെച്ചു .
മെറിൽ നിർമ്മിച്ച 25,000-ലധികം ഹൃദയ വാൽവുകൾ 75 രാജ്യങ്ങൾ രോഗികളിൽ ഉപയോഗിച്ചിരുന്നു . പൂർണ്ണമായും ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ട ഇവയ്ക്ക് ക്ലിനിക്കൽ സുരക്ഷയും ഫലപ്രാപ്തിയും 80-ലധികം ശാസ്ത്ര പ്രസിദ്ധീകരണങ്ങളുടെ പിന്തുണയും ഉണ്ട്.ജപ്പാൻ ലൈഫ്ലൈൻ ശസ്ത്രക്രിയാ ചികിത്സയ്ക്കായി ഹൃദയ വാൽവുകൾ വിറ്റിരുന്നു . എന്നാൽ കമ്പനി 2019 ൽ ഈ നിർമ്മാണത്തിൽ നിന്ന് പിന്മാറി.
‘ ഏകദേശം 30 വർഷമായി ഞങ്ങൾ ഹൃദയ വാൽവ് രോഗ ചികിത്സാ മേഖലയിൽ ഏർപ്പെട്ടിരിക്കുന്നു. ലോകമെമ്പാടുമുള്ള ക്ലിനിക്കൽ ഫലങ്ങൾ തെളിയിക്കപ്പെട്ട ഒരു അടുത്ത തലമുറ TAVR / TAVI സാങ്കേതികവിദ്യ ഉപയോഗിച്ച് ഞങ്ങൾ വീണ്ടും വിപണിയിൽ പ്രവേശിക്കുന്നത് വളരെ വൈകാരികമാണ്. അതിന് ഇന്ത്യയുമായുള്ള പങ്കാളിത്തം കൂടിയാകുമ്പോൾ ഏറെ ഫലപ്രദമാകുമെന്ന് ഉറപ്പാണ് . ആയിരക്കണക്കിന് ജീവനുകളാണ് ഇത് വഴി രക്ഷപെടുക ‘ – ജപ്പാൻ ലൈഫ്ലൈനിന്റെ പ്രസിഡന്റും സിഇഒയുമായ കെയ്സുകെ സുസുക്കി പറഞ്ഞു.