കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളായ പദ്മകുമാറിന്റെയും കുടുംബത്തിന്റെയും ഫാം ഹൗസിലെ ജീവനക്കാർക്കെതിരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. ഫാം ഹൗസ് ജീവനക്കാരി ഷീബയുടെ ഭർത്താവ് ഷാജിക്കും സഹോദരൻ ഷിബുവിനും നേരെയാണ് ആക്രമണം നടന്നത്.
ഇന്നലെ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഓട്ടോയിലെത്തിയ സംഘം ഇവരെ ആക്രമിച്ചത്. സംഭവത്തിൽ ഇരുവർക്കും പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം ഷീബയ്‌ക്കും ഷാജിക്കും വധഭീഷണിയും വന്നിരുന്നു. ഇതേതുടർന്ന് ഇവർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് അജ്ഞാത സംഘം ഇവരെ ആക്രമിച്ചത്.
അതേസമയം, കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ് ഇന്നലെ ഉച്ചയോടെ പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. കൊല്ലം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. പ്രതികളെ വിണ്ടും ചോദ്യം ചെയ്യുന്നതിനായി നാളെ കോടതിയിൽ അപേക്ഷ നൽകാനാണ് നീക്കം.















