കൊല്ലം: ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾക്കെതിരെ അനിത കുമാരിയുടെ അമ്മ. തന്റെ കൈവശം ഉണ്ടായിരുന്ന സ്വത്ത് അനിതകുമാരി തട്ടിയെടുത്തിരുന്നെന്നും ഇത് തിരികെ ചോദിച്ചപ്പോൾ പദ്മകുമാർ ചവിട്ടി വീഴ്‌ത്തിയതായും പട്ടിയെ കൊണ്ട് കടിപ്പിക്കാൻ ശ്രമിച്ചതായും അനിതയുടെ അമ്മ പറഞ്ഞു.
ലോൺ എടുക്കാനുണ്ടെന്നു പറഞ്ഞായിരുന്നു മാതാപിതാക്കളുടെ കയ്യിൽ നിന്നും സ്വത്തുക്കൾ അനിത കുമാരി തട്ടിയെടുത്തത്. പിന്നീട് ഇത് തിരികെ തരാമെന്നും പറഞ്ഞിരുന്നു. എന്നാൽ മാതാപിതാക്കൾക്ക് ആവശ്യം വന്നപ്പോൾ സ്വത്ത് തിരികെ നൽകാൻ തയ്യാറാവാതെ വരികയും അമ്മയെ ഉപദ്രവിക്കുകയും ചെയ്തു.
ഭർത്താവ് മരിച്ചതിനു ശേഷം പെരുമ്പുഴയ്‌ക്ക് അടുത്തുള്ള ഒരു ചെറിയ വീട്ടിലാണ് അനിത കുമാരിയുടെ അമ്മയുടെ താമസം. ഭർത്താവ് മരിച്ചപ്പോൾ പോലും അനിത കുമാരി അച്ഛനെ കാണാൻ വന്നില്ലെന്നും ടിപ്പർ ഡ്രൈവറായ മകൻ തരുന്ന ആഹാരത്തിലും മരുന്നിലുമാണ് ജീവിതം കഴിഞ്ഞു പോകുന്നതെന്നും അനിത കുമാരിയുടെ അമ്മ പറഞ്ഞു.















