ആലപ്പുഴ: മാവേലിക്കരയിലെ ആറു വയസ്സുകാരി നക്ഷത്രയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പിതാവ് ശ്രീമഹേഷിനെതിരെയുള്ള കുറ്റപത്രം ഈ മാസം 15ന് വായിക്കും. കേസ് പരിഗണിക്കുന്ന ആലപ്പുഴ അഡീഷണൽ സെഷൻസ് ജഡ്ജി ആഷ് കെ ബാൽ മുൻപാകെയാണ് കുറ്റപത്രം വായിക്കുന്നത്. വിചാരണ നടക്കുന്ന ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഒന്നിൽ തിങ്കളാഴ്ച പ്രതിയെ നേരിട്ട് ഹാജരാക്കും. പ്രതാപ്. ജി. പടിക്കലാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ.
നക്ഷത്രയുടെ അമ്മ വിദ്യ ഒന്നരവർഷം മുൻപ് ജീവനൊടുക്കിയിരുന്നു. ഭാര്യയുടെ മരണശേഷം പുനർവിവാഹിതനാകുവാൻ ശ്രീമഹേഷ് ശ്രമിച്ചിരുന്നു. എന്നാൽ മകളായ നക്ഷത്ര ഇതിന് തടസ്സമാകുന്നു എന്ന വൈരാഗ്യത്തിൽ ശ്രീമഹേഷ് മകളെ അതിക്രൂരമായി കൊലപ്പെടുത്തി എന്നും തടയാനെത്തിയ ശ്രീമഹേഷിന്റെ മാതാവിനെ വധിക്കുവാൻ ശ്രമിച്ചുവെന്നുമാണ് പ്രതിക്കെതിരെയുള്ള പ്രോസിക്യൂഷൻ കേസ്.
കുറ്റകൃത്യം നടന്ന ഉടൻ തന്നെ അറസ്റ്റിലായ ശ്രീമഹേഷിനെതിരെ കൊലപാതകം നടന്ന് 78-ാം ദിവസം തന്നെ കേസ് അന്വേഷിച്ച മാവേലിക്കര പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ മാവേലിക്കര ഇൻസ്‌പെക്ടർ സി. ശ്രീജിത്ത് സമർപ്പിച്ച 497 പേജുകളുള്ള കുറ്റപത്രത്തിൽ 51 സാക്ഷികളാണുള്ളത്. കേസിൽ 47 റെക്കോർഡുകളും നക്ഷത്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മഴു ഉൾപ്പെടെ 23 തൊണ്ടി സാധനങ്ങളുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്.
കുറ്റപത്രം വായിക്കുന്നതോടെ വിചാരണ നടപടികൾ ആരംഭിക്കുന്ന കേസിലെ സാക്ഷി വിസ്താരം ഉടൻ ഉണ്ടാകും. പ്രതിയായ ശ്രീമഹേഷിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളിയിരുന്നു. പ്രതി നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ കഴിയുകയാണ്. കഴിഞ്ഞ ജൂൺ ഏഴിനാണ് നക്ഷത്ര കൊല്ലപ്പെട്ടത്.















