എറണാകുളം: കൊച്ചിയിൽ വായ്പ്പാ തട്ടിപ്പ് കേസിൽ ഹീരാ ഗ്രൂപ്പ് എംഡി അബ്ദുൾ റഷീദിനെ അറസ്റ്റ് ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. എസ്ബിഐയിൽ നിന്നടക്കം 14 കോടി രൂപ വായ്പ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്ന കേസിലാണ് ഇഡി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
സംഭവത്തിൽ അബ്ദുൾ റഷീദിനെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹീര ഗ്രൂപ്പിന്റെ ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തിയിരുന്നു. വായ്പ എടുത്തതിന് ശേഷം ബാങ്കിനെ വഞ്ചിച്ചുവെന്ന കേസാണ് ഇയാൾക്കെതിരെയുള്ളത്. എസ്ബിഐയ്‌ക്ക് പുറമെ മറ്റ് ചിലരും അബ്ദുൾ റഷീദിനെതിരെ പരാതി നൽകിയിട്ടുണ്ടെന്നും വിവരമുണ്ട്.
ആക്കുളത്തെ ഫ്‌ളാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ടാണ് അബ്ദുൾ റഷീദ് വായ്പയെടുത്തത്. എന്നാൽ ഫ്‌ളാറ്റുകൾ വിൽപ്പന നടത്തിയെങ്കിലും ഇയാൾ വായ്പ തിരിച്ചടയ്‌ക്കാതെയിരിക്കുകയായിരുന്നു. നേരത്തെ പോലീസും സിബിഐയും കേസ് അന്വേഷിച്ചിരുന്നു.