ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് അണിയിച്ചൊരുക്കുന്ന ‘അബ്രഹാം ഓസ്ലർ’ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2024 ജനുവരി 11ന് ചിത്രം തിയേറ്ററുകളിൽ എത്തും. ഒരു ഇടവേളയ്‌ക്ക് ശേഷം ജയറാം മലയാളത്തിലേക്ക് തിരികെയെത്തുന്ന ചിത്രം കൂടിയാണ് ഇത്.
പേരിലെ കൗതുകം കൊണ്ട് പ്രഖ്യാപന സമയം മുതൽ തന്നെ ‘അബ്രഹാം ഓസ്ലർ’ ശ്രദ്ധ നേടിയിരുന്നു. മാസ് ലുക്കിൽ എത്തുന്ന ജയറാം അബ്രഹാം ഓസ്ലർ എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. താടിയും മുടിയും നരച്ച് അൽപ്പം പ്രായം തോന്നിപ്പിക്കുന്ന ലുക്കിലാണ് ജയറാം പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. എന്നാൽ ചിത്രത്തിൽ മമ്മൂട്ടിയും അഭിനയിക്കുന്നുണ്ടെന്ന് അഭ്യുഹങ്ങൾ നിലനിൽക്കുന്നുണ്ട്.
അഞ്ചാം പാതിരായ്‌ക്ക് ശേഷം മിഥുൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അബ്രഹാം ഓസ്ലർ’. മെഡിക്കൽ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ക്രൈം ത്രില്ലറാണ് അബ്രഹാം ഓസ്ലർ. ഏറെ ദുരൂഹതകളും സസ്പെൻസുമൊക്കെ നിറഞ്ഞ ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ. പോലീസ് കമ്മീഷണർ ഒരു കൊലക്കേസ് അന്വേഷിക്കുന്നതാണ് അബ്രഹാം ഓസ്ലറിലിന്റെ പ്രമേയം.
ഡോ. രൺധീർ കൃഷ്ണൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, ആര്യ സലിം, അസീം ജമാൽ തുടങ്ങി താരനിരയും അണിനിരക്കുന്നുണ്ട്.















