ന്യൂഡൽഹി: ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ കേസുമായി ബന്ധപ്പെട്ട് രണ്ട് സംസ്ഥാനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ( ഇഡി ) പരിശോധന. ഹരിയാനയിലും രാജസ്ഥാനിലുമായി പത്തോളം ഇടങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്. പഞ്ചാബി ഗായകൻ സിദ്ധു മൂസ്‌വാലയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിൽ ഒരാളായ ബിഷ്ണോയിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ ഇടങ്ങളിലാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി പരിശോധന നടത്തിയത്.
മൂസ്‌വാലയെ കൊലപ്പെടുത്തിയത് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണെന്നും ബിഷ്ണോയി സംഘത്തിന് ഇതിൽ പങ്കുണ്ടെന്നും പഞ്ചാബ് പോലീസ് പറഞ്ഞിരുന്നു. പഞ്ചാബിലെ മാൻസ ജില്ലയിൽ മെയ് 29നാണ് മൂസ്‌വാലയെ അജ്ഞാതർ വെടിവച്ചു കൊന്നത്. അജ്ഞാതരുടെ ആക്രമണത്തിൽ ഇയാൾക്കൊപ്പം ജീപ്പിൽ യാത്ര ചെയ്തിരുന്ന ബന്ധുവിനും സുഹൃത്തിനും പരിക്കേറ്റിരുന്നു. ഇന്ത്യയിലുടനീളം അക്രമ പ്രവർത്തനങ്ങളും കുറ്റകൃത്യങ്ങളും നടത്താൻ ഭീകരവാദ സംഘങ്ങളും ക്രിമിനൽ സംഘങ്ങളും ഗൂഢാലോചന നടത്തിയെന്ന കേസിൽ 2022 നവംബറിലാണ് ബിഷ്‌ണോയിയെ എൻഐഎ അറസ്റ്റ് ചെയ്തത്. ജയിലിനുള്ളിൽ നിന്നാണ് ബിഷ്ണോയി തന്റെ ഗൂഢാലോചനകളിൽ ഭൂരിഭാഗവും നടത്തുന്നതെന്നും എൻഐഎ കണ്ടെത്തിയിരുന്നു.
ബബ്ബർ ഖൽസ ഇന്റർനാഷണൽ ടെറർ ഗാങ്‌സ്റ്റർ നെറ്റ് വർക്ക് കേസിൽ രവി ബിഷ്‌ണോയിക്കെതിരെ 2023 നവംബറിൽ എൻഐഎ മൂന്നാമത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ദർമൻ സിംഗ് എന്ന ദർമൻജോത് കഹ്ലോൺ, പ്രിൻസ് എന്ന പർവീൺ വാധ്വ, സാധു എന്ന യുധ്വീർ സിംഗ്, വികാസ് സിംഗ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 120(ബി), 1967ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ( തടയൽ) നിയമത്തിലെ സെക്ഷൻ 17, 18, 18 (ബി) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
പഞ്ചാബ്, ഹരിയാന , ചണ്ഡീഗഡ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ കൊലപാതകങ്ങൾ നടത്താൻ ഇവർ ഗൂഢാലോചന നടത്തിയെന്നും എൻഐഎ കണ്ടെത്തി.
2014ൽ രാജസ്ഥാനിൽ പോലീസുമായുള്ള ഏറ്റുമുട്ടലിനിടെയാണ് ബിഷ്ണോയി പിടിയിലായത്. തിഹാർ ജയിലിൽ കഴിഞ്ഞിരുന്ന ബിഷ്‌ണോയിയെ മൂസ്വാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജൂൺ 14ന് പഞ്ചാബ് പോലീസ് ബിഷ്‌ണോയിയെ അറസ്റ്റ് ചെയ്യുകയും പഞ്ചാബിലേക്ക് മാറ്റുകയുമായിരുന്നു.















