ഭോപ്പാൽ: നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിട്ടല്ല മത്സരിച്ചതെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. താൻ ഒരു പാർട്ടി പ്രവർത്തകൻ മാത്രമാണെന്നും പാർട്ടി എന്ത് പദവിയോ ചുമതലയോ നൽകിയാലും അത് നിർവഹിക്കുമെന്നും ചൗഹാൻ പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാൻ മുൻപോ ഇപ്പോഴോ മുഖ്യമന്ത്രി മത്സരാർത്ഥിയല്ല. ഞാൻ ഒരു പാർട്ടി പ്രവർത്തകൻ മാത്രമാണ്, പാർട്ടി എന്ത് പദവിയും ചുമതലയും നൽകിയാലും സമർപ്പണത്തോടെയും കഴിവോടെയും സത്യസന്ധതയോടെയും ഞാൻ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഞങ്ങളുടെ നേതാവ്. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നതിൽ എപ്പോഴും അഭിമാനവും സന്തോഷവും തോന്നുന്നു.
പ്രധാനമന്ത്രിക്കൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മഹത്വവും സമൃദ്ധവും ശക്തവുമായ ഒരു ഭാരതം കെട്ടിപ്പടുക്കുകയാണ്. അത്തരമൊരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ഉപകരണങ്ങളാണ് ഞങ്ങൾ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഭാരതം ലോകത്തെ നയിക്കുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. ഒരു പ്രവർത്തകൻ എന്ന നിലയിൽ ഈ ദൗത്യം നിറവേറ്റാൻ ഞാൻ എപ്പോഴും എന്നെത്തന്നെ അർപ്പിക്കുന്നു’ – എന്ന് ശിവരാജ് സിംഗ് വ്യക്തമാക്കി.















