ആപ്പിളിന്റെ സ്ഥാപകനായ സ്റ്റീവ് ജോബ്‌സ് ആർക്കും ഓട്ടോഗ്രാഫ് നൽകാറില്ലെന്ന കാര്യം അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അന്ന് അതിന്റെ പിന്നിലെ രഹസ്യം ആർക്കും മനസ്സിലായില്ല. വർഷങ്ങൾക്കിപ്പുറം എല്ലാവർക്കും കാര്യം പിടികിട്ടി. എന്തെന്നാൽ ഇന്ന് അദ്ദേഹത്തിന്റെ ഒരു ഒപ്പിന് ലക്ഷക്കണക്കിന് രൂപയാണ് മൂല്യം. അടുത്തിടെ അദ്ദേഹം ഒപ്പിട്ട ഒരു ചെക്ക് ലേലം ചെയ്തിരുന്നു . ഈ ചെക്ക് 106,985 ഡോളറിനാണ് (ഏകദേശം 89,18,628 രൂപ) ലേലം പോയത്.
25,000 ഡോളർ വരെ എത്തുമെന്നായിരുന്നു ലേലം സംഘടിപ്പിച്ച സ്ഥാപനത്തിന്റെ കണക്കൂട്ടൽ, അതായത് ഇന്ത്യൻ രൂപയിൽ ഏകദേശം 20 ലക്ഷം രൂപ. ഈ കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ടാണ് 89 ലക്ഷത്തിന് ഡീൽ നടന്നത്. 1976 ജൂലൈ 23 ന് ആപ്പിൾ കമ്പ്യൂട്ടർ കമ്പനിക്ക് വേണ്ടി സ്റ്റീവ് ജോബ്‌സ് ഒപ്പിട്ട് നൽകിയ ചെക്കാണിത്. അമേരിക്കയിലെ ആർ.ആർ ലേല സ്ഥാപനമാണ് ഈ ചെക്ക് ലേലം ചെയ്തത്. 4 ഡോളറാണ് (ഏകദേശം 333 രൂപ) ചെക്കിൽ രേഖപ്പെടുത്തിയ തുക.
ജോബ്‌സും ആപ്പിളിന്റെ സഹസ്ഥാപകൻ സ്റ്റീവ് വോസ്‌നിയാക്കും ആപ്പിൾ-1-ൽ ജോലി ചെയ്തിരുന്ന സമയത്താണ് ഈ ചെക്ക് ഒപ്പിട്ടതെന്ന് ലേല സ്ഥാപനം അറിയിച്ചു. അക്കാലത്ത് 50 കമ്പ്യൂട്ടറുകൾ മാത്രമാണ് നിർമ്മിച്ചിരുന്നത്. 6X3 ഇഞ്ച് ആണ് ചെക്കിന്റെ വലുപ്പം, അതിൽ സ്റ്റീവ് ജോബ്സിന്റെ പേര് എഴുതിയിട്ടുണ്ട്. ഈ ചെക്ക് 1976 ജൂലൈ 23 ന് ആപ്പിൾ കമ്പനി റേഡിയോ ഷാക്ക് നൽകിതാണ് പ്രസ്തുത ചെക്ക്. ഇതിൽ ആപ്പിളിന്റെ ആദ്യ ഔദ്യോഗിക വിലാസം ‘770 വെൽച്ച് റോഡ്., സ്റ്റെ. 154, പാലോ ആൾട്ടോ’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ചെക്ക് ഒപ്പിടുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ആപ്പിൾ സ്ഥാപിക്കപ്പെട്ടത്. ആപ്പിളിന്റെ കമ്പ്യൂട്ടർ സിസ്റ്റം വികസനത്തിൽ പ്രധാന പങ്കുവഹിച്ച റേഡിയോ ഷാക്കിനാണ് ഈ ചെക്ക് നൽകിയത്.