ചെന്നൈ: മൈചോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പേമാരി, ചെന്നൈ നഗരത്തെ അക്ഷരാർത്ഥത്തിൽ വെള്ളത്തിനടിയിലാക്കി. വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു, ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു, പൂർണ്ണമായും വെള്ളത്തിനടിയിലായ റോഡുകളിൽ വാഹനഗതാഗതവും സ്തംഭിച്ച സ്ഥിയിലായിരുന്നു
ചെന്നൈയുടെ ദുരവസ്ഥ കാണിക്കുന്ന നിരവധി വീഡിയോകളാണ് പ്രചരിക്കുന്നത്. ചില വീഡിയോകളിൽ ആളുകൾ മുട്ടോളം വെള്ളത്തിൽ നടക്കുന്നതും പാർക്ക് ചെയ്ത കാറുകൾ ഒഴുക്കിൽ പെട്ട് ഒലിച്ചുപോകുന്നതും കാണാമായിരുന്നു.
മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയും വെള്ളത്തിനടിയിലായ ചെന്നൈ റോഡുകളുടെ വീഡിയോ എക്‌സിൽ പങ്കിട്ടു. അൽപം ട്വിസ്റ്റ് നിറഞ്ഞതാണ് ഈ വീഡിയോ.
മേൽക്കൂരയിൽ നിന്ന് ചിത്രീകരിച്ച വീഡിയോ, വെള്ളം പൊങ്ങിയ റോഡിലൂടെ, പെട്ടെന്ന്, ഒരു കറുത്ത മഹീന്ദ്ര ഥാർ എളുപ്പത്തിൽ കടന്നുപോകുന്നു. വാഹനത്തിന്റെ ബോണറ്റിലേക്ക് വെള്ളം ഉയരുന്നുണ്ടെങ്കിലും ഥാർ അതൊന്നും കൂസാക്കാതെ കുതിക്കുകയാണ്. ഉയർന്ന ജലനിരപ്പിൽ വാഹനത്തിന്റെ ചക്രങ്ങൾ മറഞ്ഞിരിക്കുന്നതും വീഡിയയിൽ കാണാം.
An Instagram post from Chennai that was forwarded to me… A sighting of an amphibious creature… pic.twitter.com/pYIl2bZ2kj
— anand mahindra (@anandmahindra) December 5, 2023
“എനിക്ക് ഫോർവേഡ് ചെയ്ത് കിട്ടിയ ഒരു ഉഭയജീവിയുടെ ദൃശ്യം…” തന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം നിർമ്മിക്കുന്ന മഹീന്ദ്ര ഥാർ എസ്‌യുവിയെ ആനന്ദ് മഹീന്ദ്ര വിശേഷിപ്പിച്ചത് കരയിലും വെള്ളത്തിലും ജീവിക്കുന്ന ഉഭയജീവിയെന്നാണ്. ബോഡി-ഓൺ ഫ്രെയിം 4×4 എസ്‌യുവിയായ പുതിയ ഥാറിന് 650 എംഎം വാട്ടർ വേഡിംഗ് കപ്പാസിറ്റിയുണ്ട്, അതിനാൽ അപകടമില്ലാതെ വെള്ളത്തിനടിയിലുള്ള റോഡുകളിലൂടെയുള്ള ഗതാഗതം സുഗമമാക്കുന്നു. 7 ലക്ഷത്തിലധികം പേരാണ് എക്‌സിലെ വീഡിയോ കണ്ടത്.