ദുബായ്: കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പ്രവർത്തനങ്ങൾക്ക് ഒരു ലക്ഷം കോടി ദിർഹത്തിന്റെ സഹായം പ്രഖ്യാപിച്ച് യുഎഇയിലെ ബാങ്കുകൾ. പുനരുപയോഗ ഊർജ്ജം, കൃഷി ഭൂമിയുടെ ഗുണമേന്മ വർദ്ധിപ്പിക്കൽ തുടങ്ങിയ മേഖലകൾക്ക് പണം നൽകുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.
പുനരുപയോഗ ഊർജ്ജ രംഗത്ത് ധനകാര്യ സ്ഥാപനങ്ങൾ മികച്ച സംഭാവന നൽകണമെന്ന അഭിപ്രായം ഏറ്റെടുത്തുകൊണ്ടാണ് യുഎഇ ബാങ്ക് ഫെഡറേഷൻ സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്. യുഎഇയിലെ ബാങ്കുകൾ ഒരു ട്രില്യൺ ദിർഹം സഹായമായി നൽകുമെന്ന് ഫെഡറേഷൻ ചെയർമാൻ അബ്ദുൾ അസീസ് അൽ ഗുറൈർ അറിയിച്ചു.
സാമ്പത്തിക മേഖലയിൽ ഊന്നിയുള്ള ചർച്ചകൾക്കാണ് കഴിഞ്ഞദിവസം യുഎൻ കാലാവസ്ഥാ ഉച്ചകോടി സാക്ഷ്യം വഹിച്ചത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലം സ്ത്രീകളും അനുഭവിക്കുന്നുണ്ടെന്ന് ദുബായിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടി അഭിപ്രായപ്പെട്ടു. ലോകബാങ്ക് മേധാവിയടക്കം ഉച്ചകോടിയിൽ പങ്കെടുത്തു.
കാലാവസ്ഥയും ആരോഗ്യവും ഒരുമിച്ച് ചർച്ചയ്‌ക്കെത്തിയ ആദ്യ ഉച്ചകോടിയാണ് ഇതെന്ന് ബാർബഡോസ് പ്രധാനമന്ത്രി മിയാ മോട്ട്ലേ പറഞ്ഞു. കാലാവസ്ഥാ മാറ്റത്തിന്റെ അനന്തരഫലം അനുഭവിക്കുന്നവരിൽ സ്ത്രീകൾ മുന്നിലാണെന്നും അവർ കൂട്ടിച്ചേർത്തു. സ്ത്രീകളും പെൺകുട്ടികളും അനുഭവിക്കുന്ന ദുരിതം കാണാതെ പോകരുതെന്ന് യുഎൻ പ്രതിനിധി റസാൻ ഖലീഫ അൽ മുബാറക് ചൂണ്ടിക്കാട്ടി.
അതേസമയം കാലാവസ്ഥാ ഉച്ചകോടിയിലെ ഗ്രീൻ സോണിലേക്ക് കൂടുതൽ പൊതുജനങ്ങൾ സന്ദർശകരായെത്തി. ഈമാസം 12 വരെയാണ് പൊതുജനങ്ങൾക്ക് ഗ്രീൻസോണിലേക്ക് പ്രവേശനം ഉണ്ടാകുക. കാലാവസ്ഥാ ഉച്ചകോടി 13-ന് സമാപിക്കും.













