തൃശൂർ: അദ്ധ്യാപകരുടെ ശിൽപശാലകളിലെ രഹസ്യ ചർച്ചകൾ ചോർത്തി മാദ്ധ്യമങ്ങൾക്ക് നൽകുന്ന അദ്ധ്യാപകരെ കണ്ടെത്താൻ സമഗ്രമായ അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഏത് ഏജൻസി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തെന്നും രാഷ്ട്രീയ ദുഷ്ടലാക്കോടെ വഞ്ചന നടത്തുന്ന അദ്ധ്യാപകരെ വെറുതെ വിടില്ലെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ തുറന്നു പറച്ചിലുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ മുന്നറിയിപ്പ്.
അദ്ധ്യാപകർ വിവരങ്ങൾ റെക്കോർഡ് ചെയ്ത് മാദ്ധ്യമങ്ങൾക്ക് നൽകുന്നത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഉത്തര സൂചികയും തയ്യാറാക്കുന്നത് അദ്ധ്യാപകരാണ്. ഇക്കാര്യത്തിലൊക്കെ തന്നെ ഒരു സത്യസന്ധതയും ആത്മാർത്ഥതയും മനഃസാക്ഷിയും കാണിക്കണം. ഇതൊരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ല. വകുപ്പ് തല അന്വേഷണം നടത്താൻ പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഏത് അധ്യാപകനാണ് ഇത് ചെയ്തത് എന്ന് കണ്ടുപിടിച്ചേ മതിയാകൂ. പൊതു വിദ്യാഭ്യാസ ഡയറക്ടറോട് വിശദീകരണം തേടിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അക്ഷരം കൂട്ടി വായിക്കാൻ പോലും അറിയാത്ത കുട്ടികൾക്ക് പോലും എ പ്ലസ് കിട്ടുന്നുവെന്നും കുട്ടികളോട് ചെയ്യുന്ന ചതിയാണെന്നായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസിന്റെ പരാമർശം. കുട്ടികളെ പരാജയപ്പെടുത്തി യാന്ത്രികമായി ഗുണമേന്മ വർദ്ധിപ്പിക്കുകയെന്നത് സർക്കാരിന്റെ നയമല്ലെന്നും ശിൽപശാലകളിൽ വിമർശനപരമായി വിദ്യാഭ്യാസത്തെ എങ്ങനെ സമീപിക്കണമെന്ന് അഭിപ്രായം പറയുന്നതിനെ സർക്കാർ നിലപാടായി കാണേണ്ട കാര്യമില്ലെന്നുമായിരുന്നു ശിവൻകുട്ടി നൽകിയ വിശദീകരണം.