കോഴിക്കോട്: പ്രസംഗം നിർത്തി പിണങ്ങി ഇറങ്ങിപ്പോയി സ്പീക്കർ എഎൻ ഷംസീർ. കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടയിൽ അദ്ധ്യാപകർ പരസ്പരം സംസാരിച്ചതിൽ നീരസം പ്രകടിപ്പിച്ചായിരുന്നു സ്പീക്കർ പ്രസംഗം നിർത്തി വേദിവിട്ടത്. അദ്ധ്യാപകരെ ശകാരിച്ച സ്പീക്കർ പെട്ടെന്ന് പ്രസംഗം അവസാനിപ്പിച്ച് ഇറങ്ങുകയായിരുന്നു.
തന്റെ പ്രസംഗം കുട്ടികൾ ശ്രദ്ധയോടെ കേൾക്കുന്നുണ്ട്. എന്നാൽ, അദ്ധ്യാപകർ സംസാരിക്കുകയാണ് ചെയ്യുന്നത്. അതിനാൽ താൻ സംസാരിക്കുന്നില്ല. എന്ന് മൈക്കിലൂടെ അദ്ധ്യാപകരെ ശകാരിച്ച ശേഷമാണ് സ്പീക്കർ പ്രസംഗം അവസാനിപ്പിച്ചത്.
‘സ്പീക്കർ സംസാരിക്കുമ്പോൾ ആളുകൾ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ഇത് പിന്നെ, ഞാൻ ആരോട് പ്രസംഗിക്കാനാണ്. അതുകൊണ്ട് ചെയ്യാൻ പറ്റുന്ന കാര്യം പ്രസംഗം ചുരുക്കുക എന്നതാണ്. മറ്റ് കൂടുതൽ കാര്യങ്ങൾക്കൊന്നും പോകുന്നില്ല. ശരിക്കും കുട്ടികൾ ശ്രദ്ധിക്കുന്നുണ്ട്. അദ്ധ്യാപകരാണ് ശ്രദ്ധിക്കാത്തത്. അതിനാൽ, കോഴിക്കോട് സംസ്ഥാന സ്കൂൾ കലോത്സവം ഉദ്ഘാടനെ ചെയ്തതായി പ്രഖ്യാപിച്ചു കൊണ്ട് ഞാൻ നിർത്തുന്നു.’- എഎൻ ഷംസീർ പറഞ്ഞു.















