തിരുവനന്തപുരം: ക്രിസ്തുമത് പുതുവത്സര ദിനങ്ങളിലേക്കടുത്തിട്ടും വിപണിയിൽ മാറ്റം വരുത്താനാകാതെ സപ്ലൈകോ പ്രതിസന്ധിയിൽ. സബ്‌സിഡിയോടെ നിലവിൽ ഇവിടെ നിന്നും ലഭിക്കുന്നത് 13 ഇന ആവശ്യ സാധനങ്ങളാണ്. എന്നാൽ ഇത്തവണ സപ്ലൈകോയിൽ ചെറുപയറും മല്ലിയും മാത്രമാണുള്ളത്. സാധനങ്ങളുടെ ടെൻഡറെടുക്കുന്നതിനായി വിതരണക്കാർ തയാറാകുന്നില്ലെന്നാണ് സപ്ലൈകോ ജീവനക്കാരുടെ ആരോപണം.
ഓണം മുതൽ ആരംഭിച്ച പ്രതിസന്ധിയാണ് ക്രിസ്തുമസ് അടുത്തിട്ടും അവസാനിക്കാത്തത്. സംസ്ഥാനത്തെ എല്ലാ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും റാക്കുകൾ കാലിയായ സാഹചര്യമാണ്. ഇവിടെ നിന്നും അരിയും പഞ്ചസാരയും മുളകും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങൾ ലഭ്യമാകാതായിട്ട് മാസങ്ങളായി. അവശ്യ സാധനങ്ങൾ പോലും ലഭിക്കാത്ത സാഹചര്യത്തിൽ എങ്ങനെ മുന്നോട്ട് പോകും എന്ന ആശങ്കയിലാണ് സാധരണക്കാർ.
അതേസമയം വിതരണക്കാർക്ക് കുടിശ്ശികയിനത്തിൽ കോടികളാണ് നൽകാനുള്ളത്. ഇതിനാൽ തന്നെ ടെൻഡറെടുക്കാൻ വിതരണക്കാരെത്താത്തതും പ്രതിസന്ധി വർദ്ധിക്കുന്നതിന് ഇടയായി. ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്ന ആശങ്കയും നിലനിൽക്കുകയാണ്.















