തിരുവനന്തപുരം: താങ്ങാനാവാത്ത സ്ത്രീധനം ചോദിച്ചതാണ് പിജി ഡോക്ടറായ ഷഹനയുടെ ആത്മഹത്യയ്‌ക്ക് പിന്നിലെന്ന ആരോപണവുമായി കുടുംബം. മെഡിക്കല്‍ കോളജില്‍ സര്‍ജറി വിഭാഗത്തില്‍ പിജി ചെയ്യുകയായിരുന്ന ഷഹനയ്‌ക്കൊപ്പം പഠിക്കുന്ന ഡോക്ടറുടെ വിവാഹാലോചന എത്തിയപ്പോള്‍ 50 പവന്‍ സ്വര്‍ണവും 50 ലക്ഷം രൂപയുടെ സ്വത്തും കാറും നല്‍കാമെന്ന് കുടുംബം അറിയിച്ചു. എന്നാല്‍ യുവാവിന്റെ വീട്ടുകാര്‍ 150 പവനും 15 ഏക്കര്‍ ഭൂമിയും ഒരു ബിഎംഡബ്ല്യൂ കാറും സ്ത്രീധനമായി ആവശ്യപ്പെട്ടതായി ഷഹനയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. സ്ത്രീധനം കൊടുക്കാന്‍ കഴിയാത്തതിനാല്‍ വിവാഹം മുടങ്ങിയെന്നും ഷഹാന മാനസികമായി തളര്‍ന്നെന്നുമാണ് കുടുംബം പോലീസിനോട് പറഞ്ഞത്.
ഷഹാനയുടെ മൊബൈല്‍ഫോണ്‍ രേഖകള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. ഇരുവരും നടത്തിയ ചാറ്റുകള്‍ പരിശോധിക്കും. വിവാഹാലോചനയുമായി വന്ന മെഡിക്കല്‍ കോളജ് പിജി അസോസിയേഷന്‍ ഭാരവാഹിയായ ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തുമെന്ന് പോലീസ് വ്യക്തമാക്കി. ആത്മഹത്യക്ക് പിന്നില്‍ സ്ത്രീധനവുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്ന് ആരോപണം ഉയരുന്ന സാഹചര്യത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഷഹാന ക്ളാസില്‍ വരാത്തതിനെ തുടര്‍ന്ന് സഹപാഠികള്‍ താമസസ്ഥലത്തെത്തിയപ്പോള്‍ മുറി അടച്ച നിലയിലായിരുന്നു. പോലീസെത്തി തുറന്നപ്പോഴാണ് കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനസ്‌തേഷ്യയ്‌ക്കുള്ള മരുന്ന് കുത്തിവച്ചാണ് ആത്മഹത്യ ചെയ്തത്. പോലീസ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. ഒരുപാട് പണം ആവശ്യമാണെന്നും ആരും പണം നല്‍കാനില്ലെന്നും കുറിപ്പിലുണ്ട്.