ന്യൂഡൽഹി: രാജ്യത്ത് 100ലധികം വെബ് സൈറ്റുകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചു. നിയമവിരുദ്ധ നിക്ഷേപങ്ങളിലും പാർട്ട് ടൈം ജോലി തട്ടിപ്പുകളിലും ഉൾപ്പെട്ട നൂറിലധികം വെബ്സൈറ്റുകൾക്കെതിരെയാണ് നടപടി. ചൈന ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെബ്‌സൈറ്റുകളാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെർട്ടിക്കൽ നാഷണൽ സൈബർ ക്രൈം ത്രെറ്റ് അനലിറ്റിക്സ് യൂണിറ്റിന്റെ ഭാഗമായ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററാണ് വെബ്സൈറ്റുകൾ നിരോധിക്കണമെന്ന് ശുപാർശ ചെയ്തത്. നിയമവിരുദ്ധ നിക്ഷേപങ്ങളിലും പാർട്ട് ടൈം ജോലി തട്ടിപ്പുകളിലും ഉൾപ്പെട്ട നൂറിലധികം വെബ്സൈറ്റുകൾക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടത്. ഇത് പരിശോധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2000-ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് പ്രകാരം നടപടി സ്വീകരിക്കുകയായിരുന്നു.
രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ വിവിധ വെബ്‌സൈറ്റുകൾ നിരീക്ഷിച്ച് വരികയായിരുന്നു. അഭിനേതാക്കളെയും സ്‌പോർട്‌സ് താരങ്ങളെയും ഉപയോഗപ്പെടുത്തി ഇത്തരം വെബ് സൈറ്റുകൾ നൽകുന്ന പരസ്യത്തിൽ നിരവധി ആളുകൾ വഞ്ചിതരായിരുന്നു. കൂടാതെ ഇത്തരം വെബ്‌സൈറ്റുകൾ വഴി വിദേശ കമ്പനികൾ സാധാരണക്കാരിൽ നിന്നും തട്ടിയെടുത്ത് കോടിക്കണക്കിന് രൂപയാണെന്നും കണ്ടെത്തി.
അനധികൃത വാതുവെപ്പ് ആപ്പുകൾക്കും മഹാദേവ് ബുക്ക് ഉൾപ്പെടെയുള്ള വെബ്സൈറ്റുകൾക്കും എതിരെ കഴിഞ്ഞമാസം കേന്ദ്ര ആഭ്യന്തരമന്ത്രാലയം നടപടിയെടുത്തിരുന്നു. അതേസമയം വിവിധ വെബ്‌സൈറ്റുകൾ ഇപ്പോഴും ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ നിരീക്ഷണത്തിലാണ്. അതിനാൽ തന്നെ കൂടുതൽ വെബ്‌സൈറ്റുകൾക്കെതിരെ നടപടി ഉണ്ടാകും.















